
പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ പ്രതി ശങ്കരദാസിന്റെ മകനും ആംഡ് ബറ്റാലിയന്‍ ഡിഐജിയുമായ ഹരിശങ്കറിന്റെ ഭാര്യയുടെ കൂടി പേരിലുള്ള ശ്രീധന്യ കണ്‍സ്ട്രക്ഷന്‍സില്‍ രണ്ട് വര്‍ഷം മുമ്പ് കണ്ടെത്തിയ 400 കോടിയുടെ നികുതി വെട്ടിപ്പ് സംബന്ധിച്ച അന്വേഷണം സ്തംഭിച്ചതില്‍ ദുരൂഹത.
കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പരിധിയിലുള്ള തട്ടിപ്പായതിനാല്‍ കേസ് ഇ ഡിക്ക് കൈമാറാനായിരുന്നു സംസ്ഥാന നികുതി വകുപ്പ് തീരുമാനം. റെയ്ഡിനെതിരേ ശ്രീധന്യ കണ്‍ട്രക്ഷന്‍സ് ഉടമയും ഹരിശങ്കറിന്റെ ഭാര്യാ പിതാവുമായ കിളിമാനൂര്‍ ചന്ദ്രബാബു നിയമ നടപടി സ്വീകരിച്ചതിനെ തുടര്‍ന്ന് ഹൈക്കോടതി സ്റ്റേ അനുവദിച്ചതിനാല്‍ തുടര്‍ നടപടികളുണ്ടായില്ല.
കോടതി നടപടികള്‍ മറികടക്കാന്‍ നികുതി വകുപ്പും നടപടിയെടുത്തില്ല. ഇതിനു പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനുമേല്‍ ശങ്കരദാസ് ചെലുത്തിയ സ്വാധീനമാണെന്നാണ് ആരോപണം. പ്രമുഖ ഹൈവേ നിര്‍മാണ കമ്പനിയായ തിരുവനന്തപുരം ശ്രീധന്യ കണ്‍സ്ട്രക്ഷന്‍സില്‍ 2023 നവംബര്‍ 21 മുതല്‍ തുടര്‍ച്ചയായ നാല് ദിവസമാണ് നികുതി വകുപ്പ് പരിശോധിച്ചത്. 360 കോടിയുടെ വെട്ടിപ്പും ഇല്ലാത്ത ചെലവുകള്‍ ഉള്‍പ്പെടുത്തി 120 കോടിയുടെ മറ്റൊരു വെട്ടിപ്പും കണ്ടെത്തി. നികുതി വെട്ടിപ്പിലൂടെ സ്വരൂപിച്ച പണം വിദേശത്തും റിയല്‍ എസ്റ്റേറ്റ് മേഖലയിലും നിക്ഷേപിച്ചു. ചന്ദ്രബാബുവിന്റെ വീട്ടില്‍ നിന്ന് രണ്ട് കോടി രൂപ അധികമായും പിടിച്ചെടുത്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ബന്ധുക്കളുടെയും ജീവനക്കാരുടെയും പേരില്‍ ബില്ലുകളുണ്ടാക്കിയും തുക വെട്ടിച്ചെന്നാണ് ആരോപണം. 100 കോടിയുടെ വിദേശ നിക്ഷേപത്തിന്റെ തെളിവും പണം ദുബായ്‌യിലേക്കു കടത്തിയതായും കണ്ടെത്തി. ഇത്തരത്തില്‍ നികുതി വെട്ടിച്ച തുക വിദേശ നിക്ഷേപമാക്കിയെന്നാണ് അധികൃതര്‍ പറയുന്നത്. റെയ്ഡുമായി ബന്ധപ്പെട്ട് ചന്ദ്രബാബുവിനെയും മകള്‍ ധന്യയെയും ചോദ്യം ചെയ്തിരുന്നു.
അന്വേഷണം പുനരാരംഭിച്ചാല്‍ ശങ്കരദാസിന്റെ മകനും കമ്പനിയുടെ പാര്‍ട്ണറായ ധന്യയുടെ ഭര്‍ത്താവുമായ ഡിഐജി ഹരിശങ്കറും വെട്ടിലാകുമെന്നാണു സംശയം. കേരള സര്‍വീസ് റൂള്‍ പ്രകാരം ഭാര്യയുടെ വരുമാനം സര്‍ക്കാര്‍ സര്‍വീസിലുള്ള ഭര്‍ത്താവ് രേഖകളില്‍ കാണിക്കണം. ഹരിശങ്കര്‍ ഇക്കാര്യം മനഃപൂര്‍വം മറച്ചുവച്ചതായാണ് സൂചന. കേസില്‍ ശങ്കരദാസ് ഇടപെടാനുള്ള കാരണവും ഇതാണ്.
നികുതി വെട്ടിച്ചില്ലെന്നാണ് ശ്രീധന്യ ഗ്രൂപ്പിന്റെ വിശദീകരണം. സാക്ഷ്യപ്പെടുത്താതെ പോയത് വിദേശത്തു നഷ്ടത്തിലുള്ള രണ്ടു കമ്പനികളുടെ വിവരങ്ങളാണെന്ന് ഗ്രൂപ്പ് ഓഫ് ചെയര്‍മാന്‍ കിളിമാനൂര്‍ ചന്ദ്രബാബു വ്യക്തമാക്കിയിരുന്നു. വാഹനങ്ങള്‍ വിറ്റു കിട്ടിയ തുകയാണ് വീട്ടില്‍ നിന്നു കണ്ടെടുത്തതെന്നും അദ്ദേഹം പറയുന്നു.



