
മൂവാറ്റുപുഴ: കെ എസ് ആർ ടി സി ഡ്രൈവർമാരുടെ മത്സരയോട്ടവും പിടിവാശിയും മൂലം മൂവാറ്റുപുഴ നഗരത്തിൽ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. എംസി റോഡിൽ കിലോമീറ്ററുകളോളം വാഹനങ്ങൾ കുടുങ്ങിക്കിടന്നതോടെ യാത്രക്കാർ കടുത്ത ദുരിതത്തിലായി.
മൂവാറ്റുപുഴയിൽ നിന്ന് തൃപ്പൂണിത്തുറയിലേക്ക് പുറപ്പെട്ട ഓർഡിനറി ബസും സുൽത്താൻ ബത്തേരിയിലേക്ക് പോകുകയായിരുന്ന സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ് ബസുമാണ് അപകടത്തിൽപ്പെട്ടത്.മൂവാറ്റുപുഴ പഴയ പാലത്തിലേക്ക് പ്രവേശിക്കുന്ന ഭാഗത്താണ് സംഭവം.
വീതിയുള്ള റോഡ് പാലത്തിലേക്ക് എത്തുമ്പോൾ വീതി കുറഞ്ഞ് വരുന്നത് ശ്രദ്ധിക്കാതെ, മുന്നിൽ കയറാനുള്ള ഇരു ഡ്രൈവർമാരുടെയും ശ്രമമാണ് കൂട്ടിയിടിയിൽ കലാശിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രണ്ട് ബസുകളും ഒപ്പത്തിനൊപ്പം പാലത്തിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചതോടെ വശങ്ങൾ തമ്മിൽ കൂട്ടിയിടിക്കുകയും ഉരസുകയും ചെയ്തു. അപകടത്തിന് പിന്നാലെ വാഹനം മാറ്റി ഗതാഗതം സുഗമമാക്കാൻ ശ്രമിക്കാതെ രണ്ട് ഡ്രൈവർമാരും റോഡിലിറങ്ങി തർക്കം തുടങ്ങിയതോടെയാണ് കുരുക്ക് മുറുകിയത്.
ബസുകൾ റോഡിന് കുറുകെ കിടന്നതോടെ മറ്റു വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാതെയായി. തിരക്കേറിയ രാവിലെ സമയമായതിനാൽ മിനിറ്റുകൾക്കുള്ളിൽ എംസി റോഡിൽ വലിയ രീതിയിലുള്ള ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.
ഡ്രൈവർമാർ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതെ വന്നതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. തുടർന്ന് നാട്ടുകാരുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് ഡ്രൈവർമാർ ബസുകൾ റോഡിൽ നിന്ന് മാറ്റാൻ തയ്യാറായത്.



