
രണ്ട് പതിറ്റാണ്ടോളം ബാഡ്മിന്റൺ കോർട്ടിൽ വിസ്മയങ്ങൾ തീർത്ത സൈന നെഹ്വാൾ തന്റെ വിരമിക്കൽ ഔദ്യോഗികമായി സ്ഥിരീകരിച്ചു. കടുത്ത മുട്ടുവേദനയും ശാരീരിക ബുദ്ധിമുട്ടുകളും കാരണമാണ് റാക്കറ്റ് താഴെ വെയ്ക്കാൻ താരം തീരുമാനിച്ചത്.
കഴിഞ്ഞ രണ്ട് വർഷമായി കടുത്ത മുട്ടുവേദനയെത്തുടർന്ന് മത്സരങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു സൈന. കഠിനമായ ശാരീരിക പരിശീലനങ്ങൾ താങ്ങാൻ തന്റെ ശരീരത്തിന് ഇനി കഴിയില്ലെന്ന് താരം ഒരു പോഡ്കാസ്റ്റിലൂടെ വ്യക്തമാക്കി.
2012 ലണ്ടൻ ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയ സൈന, ബാഡ്മിന്റണിൽ ലോക ഒന്നാം നമ്പർ പദവിയിലെത്തിയ ആദ്യ ഇന്ത്യൻ വനിതാ താരം കൂടിയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്റേതായ നിബന്ധനകളിലാണ് ഞാൻ ഈ കായികരംഗത്തേക്ക് വന്നതും ഇപ്പോൾ പോകുന്നതും. അതുകൊണ്ട് തന്നെ വലിയൊരു ഔദ്യോഗിക പ്രഖ്യാപനത്തിന്റെ ആവശ്യമില്ലെന്ന് എനിക്ക് തോന്നി,” എന്ന് സൈന പറഞ്ഞു. 2023-ലെ സിംഗപ്പുർ ഓപ്പണിലാണ് താരം അവസാനമായി ഒരു മത്സരത്തിൽ പങ്കെടുത്തത്.
തന്റെ മുട്ടിലെ തരുണാസ്ഥി (കാർട്ടിലേജ്) പൂർണ്ണമായും നശിച്ചുവെന്നും തനിക്ക് ആർത്രൈറ്റിസ് (വാതം) ബാധിച്ചുവെന്നും സൈന വെളിപ്പെടുത്തി.
മുമ്പ് ലോകത്തിലെ ഏറ്റവും മികച്ച താരമാകാൻ ഒരു ദിവസം എട്ട് മുതൽ ഒൻപത് മണിക്കൂർ വരെ കഠിനമായി പരിശീലിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഒന്നോ രണ്ടോ മണിക്കൂർ പരിശീലിക്കുമ്പോഴേക്കും മുട്ട് വീർക്കുകയും പിന്നീട് പരിശീലനം തുടരാൻ പറ്റാത്ത അവസ്ഥയാവുകയും ചെയ്യുന്നു എന്ന് താരം പറഞ്ഞു.
2016-ലെ റിയോ ഒളിമ്പിക്സിനിടെ ഉണ്ടായ പരിക്കാണ് സൈനയുടെ കരിയറിൽ വലിയ ആഘാതമായത്. അതിന് ശേഷം 2017-ൽ ലോക ചാമ്പ്യൻഷിപ്പിൽ വെങ്കലവും 2018-ൽ കോമൺവെൽത്ത് ഗെയിംസിൽ സ്വർണ്ണവും നേടി താരം ഗംഭീര തിരിച്ചുവരവ് നടത്തിയിരുന്നു. എങ്കിലും മുട്ടിലെ അസുഖം വീണ്ടും വീണ്ടും വേട്ടയാടിയതോടെ കളി തുടരുക എന്നത് അസാധ്യമായി മാറി



