
കൊച്ചി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ എൻഎസ്‌എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരൻ നായരും എസ്‌എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ഉന്നയിച്ച വിമർശനങ്ങളില്‍ സതീശന് ശക്തമായ പിന്തുണയുമായി കെ.
മുരളീധരൻ. വി.ഡി. സതീശന് കോണ്‍ഗ്രസ് പാർട്ടിയുടെ പൂർണ്ണ പിന്തുണയുണ്ടെന്നും പുറത്തുനിന്നുള്ളവർ ആര് വിമർശിച്ചാലും അതിനെ പാർട്ടി ഒറ്റക്കെട്ടായി എതിർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പരിപൂർണ സംഘ പരിവാർ അവസ്ഥയിലേക്ക് സിപിഎം മാറി എന്നതിന്‍റെ തെളിവാണ് സജി ചെറിയാന്‍റെ വാക്ക്. ബി ജെ പി പോലും ഇങ്ങനെ പറയില്ല.
എൻഎസ്‌എസും എസ്‌എൻഡിപിയും ഐക്യപ്പെടുന്നതിനെയും സാമുദായിക ഐക്യത്തെയും ഞങ്ങള്‍ എതിര്‍ക്കില്ല. എന്നാല്‍, ഏതു നേതാക്കള്‍ക്ക് എതിരെ ആക്രമണം വന്നാലും അതിനെതിരെ നിലകൊള്ളും. അത് ചെന്നിത്തലയായാലും കെ സി വേണുഗോപാല്‍ ആയാലും പിന്തുണയ്ക്കും. രമേശ് ചെന്നിത്തലയോളം യോഗ്യൻ കോണ്‍ഗ്രസില്‍ വേറെ ആരുണ്ടെന്ന എൻഎസ്‌എസ് അഭിപ്രായത്തോടും കെ മുരളീധരൻ പ്രതികരിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എൻഎസ്‌എസിനോട് അങ്ങനെ പറയണ്ടാന്ന് പറയാൻ ഞങ്ങള്‍ക്ക് കഴിയുമോ? സാമുദായിക നേതാക്കന്മാരെ എല്ലാവരും സന്ദർശിക്കാറുണ്ട്. അതിനെ തിണ്ണ നിരങ്ങുക എന്നാരും പറയാറില്ലെന്നും വിമർശനങ്ങള്‍ക്ക് ഞങ്ങള്‍ മറുപടി പറയുമെന്നും കെ മുരളീധരൻ പറഞ്ഞു. വര്‍ഗീയതയ്ക്കെതിരെ നിലപാട് എടുത്തതിന്‍റെ പേരിലുള്ള ഏത് ആക്രമണത്തെയും നേരിടുമെന്നായിരുന്നു സുകുമാരൻ നായരുടെയും വെള്ളാപ്പള്ളിയുടെയും കടന്നാക്രമണത്തില്‍ വിഡി സതീശന്‍റെ പ്രതികരണം.
സമുദായ സംഘടനകളുടെ തിണ്ണ നിരങ്ങില്ലെന്ന് പ്രഖ്യാപിച്ച നേതാവ് സഭാ സിനഡ് യോഗം ചേർന്നപ്പോള്‍ അവിടെ പോയത് തിണ്ണനിരങ്ങാനല്ലേയെന്നായിരുന്നു ജി സുകുമാരൻ നായരുടെ വിഡി സതീശനെതിരായ വിമര്‍ശനം. വിഡി സതീശൻ ഇന്നലെ പൂത്ത തകരയെന്നായിരുന്നു വെള്ളാപ്പള്ളി നടേശന്‍റെ വിമര്‍ശനം.
അതേസമയം, വിഡി സതീശനെതിരായ വിമര്‍ശനത്തില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കില്‍ പരിഹരിക്കുമെന്നാണ് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ഇന്ന് പ്രതികരിച്ചത്.
സിപിഎം വര്‍ഗീയ രാഷ്ട്രീയത്തിന് ശ്രമിക്കുകയാണെന്നും സജി ചെറിയാനും എകെ ബാലനും പറയുന്നത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും കോണ്‍ഗ്രസിനെതിരെ എൻഎസ്‌എസ് പറഞ്ഞിട്ടില്ലെന്നും വ്യക്തിപരമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണമായിരുന്നുവെന്നും സണ്ണി ജോസഫ് പറഞ്ഞു. സമുദായ നേതാക്കളുമായി സൗഹൃദത്തില്‍ പോകാനാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്. അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കില്‍ പരിഹരിക്കും. വ്യക്തിഗതമായ തർക്കത്തിനില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.



