
കോട്ടയം: ഉഴുന്ന് ഒട്ടും ചേർക്കാതെ തന്നെ, കേവലം പത്ത് മിനിറ്റിനുള്ളില്‍ തയ്യാറാക്കാവുന്ന ഒന്നാണ് റവ വട. രുചിയിലും ഗുണത്തിലും ഉഴുന്നുവടയോട് കട്ടയ്ക്ക് നില്‍ക്കുന്ന ഒന്നാണ് ഈ വിഭവം.
എങ്ങനെയെന്ന് നോക്കാം.
ചേരുവകള്‍

Whatsapp Group 1 | Whatsapp Group 2 |Telegram Group
റവ – 1 കപ്പ്
തൈര് – 1 കപ്പ് (പുളിയുള്ള തൈരാണെങ്കില്‍ കൂടുതല്‍ രുചികരമായിരിക്കും)
സവാള – 1 (വലുത്)
പച്ചമുളക് – 2 മുതല്‍ 3 വരെ
ഇഞ്ചി – ഒരു ചെറിയ കഷ്ണം
കറിവേപ്പില, മല്ലിയില – ആവശ്യത്തിന്
ഉപ്പ് – പാകത്തിന്
എണ്ണ – വറുക്കാൻ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തില്‍ റവയും തൈരും ചേർത്ത് നന്നായി ഇളക്കാം. ഇതിലേക്ക് ചെറുതായി അരിഞ്ഞ സവാള, പച്ചമുളക്, ഇഞ്ചി, കറിവേപ്പില, മല്ലിയില, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി കുഴയ്ക്കാം.ഈ മാവ് 10 മുതല്‍ 15 മിനിറ്റ് വരെ അടച്ചുവെക്കാം. റവ തൈര് വലിച്ചെടുത്ത് മാവ് നല്ല മയമുള്ളതായി മാറും. മാവ് അധികം കട്ടിയാണെന്നു തോന്നിയാല്‍ അല്പം വെള്ളം തളിച്ച് വടയുടെ മാവിന്റെ പരുവത്തിലാക്കാം. ഒരു ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് ചൂടാക്കാം. കൈയ്യില്‍ അല്പം എണ്ണയോ വെള്ളമോ തടവിയ ശേഷം മാവ് ചെറിയ ഉരുളകളാക്കി വടയുടെ ആകൃതിയില്‍ പരത്താം. വടയുടെ നടുവില്‍ ഒരു ചെറിയ സുഷിരം ഇട്ട് ചൂടായ എണ്ണയിലിട്ട് വറുത്തെടുക്കാം. മിതമായ തീയില്‍ വെച്ച് രണ്ട് വശവും സ്വർണ്ണനിറമാകുന്നത് വരെ വറുത്ത് കോരിയെടുക്കാം.



