
തിരുവനന്തപുരം: എന്‍എസ്‌എസ് നേതൃത്വവും ബിജെപിയും തമ്മിലുള്ള ബന്ധത്തില്‍ അസ്വാരസ്യങ്ങള്‍ പുകയുന്നു. കേന്ദ്രമന്ത്രി സുരേഷ് ഗോപിയെയും ബിജെപിയെയും ലക്ഷ്യമിട്ട് എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ നടത്തിയ പരാമര്‍ശങ്ങളെ ഗൗരവത്തോടെയാണ് കേന്ദ്ര നേതൃത്വം വീക്ഷിക്കുന്നത്. രാഷ്ട്രീയമായ പിന്തുണ ലഭിക്കാത്ത സാഹചര്യത്തില്‍, സംഘടനയ്ക്ക് നല്‍കി വരുന്ന പ്രത്യേക പരിഗണനകളില്‍ പുനര്‍ചിന്തനം വേണമെന്ന വികാരം ബിജെപി കേന്ദ്രങ്ങളില്‍ ശക്തമായി.
തിരുവനന്തപുരം നിറമണ്‍കര എന്‍എസ്‌എസ് സ്‌കൂളിന് അനുവദിച്ച സൈനിക സ്‌കൂള്‍ പദവി ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കേന്ദ്രം പുനപരിശോധനയ്ക്ക് മുതിര്‍ന്നേക്കുമെന്നാണ് സൂചന. നിര്‍ണ്ണായക ഘട്ടങ്ങളില്‍ സഹായകരമായ നിലപാടല്ല നേതൃത്വത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്ന വിലയിരുത്തല്‍ കേന്ദ്ര സര്‍ക്കാരിനുണ്ട്. ധനലക്ഷ്മി ബാങ്കുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വ്യാജ ബിരുധ വിവാദങ്ങളില്‍ കേന്ദ്ര ഏജന്‍സികളുടെ പരിശോധന ഉണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഇതിന്റെ നിയമവശങ്ങള്‍ കേന്ദ്രം തേടുന്നുണ്ട്. എന്നാല്‍ എന്‍ എസ് എസിനെ പരസ്യമായി ബിജെപി തള്ളി പറയില്ല.
എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ ബിജെപിയെയും സുരേഷ് ഗോപിയെയും പരസ്യമായി തള്ളപ്പറഞ്ഞത് കേന്ദ്രത്തെ ചൊടിപ്പിച്ചിട്ടുണ്ട്. സൈനിക സ്‌കൂള്‍ പദവി ഉള്‍പ്പെടെയുള്ള സുപ്രധാന ആനുകൂല്യങ്ങള്‍ നല്‍കിയിട്ടും രാഷ്ട്രീയമായി അനുകൂല നിലപാട് ഉണ്ടാകുന്നില്ലെന്ന വിലയിരുത്തലിലാണ് ബിജെപി കേന്ദ്ര നേതൃത്വം. തൃശ്ശൂര്‍ പിടിച്ചതുപോലെ എന്‍എസ്‌എസ് പിടിക്കാനാവില്ലെന്ന സുകുമാരന്‍ നായരുടെ പ്രസ്താവനയെ അതീവ ഗൗരവത്തോടെയാണ് കേന്ദ്രം കാണുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നിര്‍ണ്ണായക ഘട്ടങ്ങളില്‍ സഹായം സ്വീകരിച്ച ശേഷം രാഷ്ട്രീയമായി തള്ളിപ്പറയുന്ന രീതി ഇനി അനുവദിക്കേണ്ടതില്ലെന്നാണ് പാര്‍ട്ടിക്കുള്ളിലെ പൊതുവികാരം.
നിറമണ്‍കര സ്‌കൂളിന് ലഭിച്ച പദവി സംബന്ധിച്ച നടപടിക്രമങ്ങള്‍ കേന്ദ്രം വീണ്ടും പരിശോധിച്ചേക്കും. അതോടൊപ്പം, എന്‍എസ്‌എസുമായി ബന്ധപ്പെട്ട മറ്റ് സാമ്പത്തിക ഇടപാടുകളിലും കേന്ദ്ര ഏജന്‍സികളുടെ നിരീക്ഷണം ഉണ്ടാകാന്‍ സാധ്യതയുണ്ട്. സുരേഷ് ഗോപിയുടെ മുന്‍കാല സന്ദര്‍ശനങ്ങളെ രാഷ്ട്രീയ
ലക്ഷ്യത്തോടെയുള്ളതെന്ന് സുകുമാരന്‍ നായര്‍ വിശേഷിപ്പിച്ചതാണ് ബിജെപിയെ ചൊടിപ്പിച്ചത്. തൃശ്ശൂര്‍ പിടിച്ചതുപോലെ എന്‍എസ്‌എസ് പിടിക്കാനാവില്ലെന്ന പരാമര്‍ശം എന്‍ എസ് എസിനോട് കേന്ദ്രം പുലര്‍ത്തുന്ന മൃദുസമീപനം മാറാന്‍ കാരണമായേക്കും. ഇതിനു പുറമെ, മുരാരി ബാബുവിനെ പിന്തുണയ്ക്കുന്നവരുടെ ഗണത്തിലേക്ക് എന്‍എസ്‌എസിനെ ചേര്‍ക്കാനുള്ള നീക്കങ്ങളും രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ചര്‍ച്ചയാകുന്നുണ്ട്.
സാമുദായിക പിന്തുണ ഉറപ്പാക്കാന്‍ നല്‍കുന്ന ഇളവുകളും ആനുകൂല്യങ്ങളും രാഷ്ട്രീയമായ നേട്ടമുണ്ടാക്കുന്നില്ലെന്ന പാര്‍ട്ടിക്കുള്ളിലെ വിമര്‍ശനമാണ് എന്‍എസ്‌എസിനെതിരായ കടുത്ത നിലപാടുകളിലേക്ക് നീങ്ങാന്‍ ബിജെപിയെ പ്രേരിപ്പിക്കുന്നത്.



