
കാസർകോട്: വൈദ്യുതി ബില്‍ കുടിശ്ശിക വരുത്തിയതിനെ തുടർന്ന് കാസർകോട് എംവിഡി എൻഫോഴ്സ്മെന്റ് ഓഫീസിന്റെ വൈദ്യുതി കെഎസ്‌ഇബി വിച്ഛേദിച്ചു.
ഏകദേശം ഒരു ലക്ഷം രൂപയുടെ ബില്‍ അടയ്ക്കാത്തതിനെ തുടർന്നാണ് നടപടി. ഇതോടെ എഐ ക്യാമറ കണ്‍ട്രോള്‍ റൂം ഉള്‍പ്പെടെയുള്ള ഓഫീസിന്റെ പ്രവർത്തനം ഒരാഴ്ചയായി പൂർണമായും നിലച്ചിരിക്കുകയാണ്.
കഴിഞ്ഞ മൂന്ന് മാസമായി വൈദ്യുതി ബില്‍ അടയ്ക്കാത്തതിനാലാണ് കണക്ഷൻ വിച്ഛേദിക്കേണ്ടി വന്നതെന്ന് കെഎസ്‌ഇബി അധികൃതർ അറിയിച്ചു. വൈദ്യുതി ഇല്ലാത്തതിനാല്‍ ഓഫീസിലെ ദൈനംദിന പ്രവർത്തനങ്ങളെയും സേവനങ്ങളെയും ഇത് കാര്യമായി ബാധിച്ചിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കുടിശ്ശിക ഉടൻ അടച്ചുതീർക്കുമെന്ന് എംവിഡി അധികൃതർ വ്യക്തമാക്കി. കൂടാതെ, വൈദ്യുതി വിച്ഛേദിക്കപ്പെട്ടതിനെ തുടർന്ന് ഓഫീസിന്റെ പ്രവർത്തനം താല്‍ക്കാലികമായി തടസ്സപ്പെട്ടതായി അറിയിച്ചുകൊണ്ടുള്ള നോട്ടീസ് എംവിഡി പതിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
എഐ ക്യാമറ കണ്‍ട്രോള്‍ റൂം അടക്കമുള്ള നിർണായക വിഭാഗങ്ങളുടെ പ്രവർത്തനം നിലച്ച സാഹചര്യത്തില്‍, വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.



