
കോട്ടയം: അപകടങ്ങൾ തുടർക്കഥയായ കുമരകം റോഡിൽ പരിശോധന ശക്തമാക്കാനൊരുങ്ങി പോലീസ്. കുമരകം പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ കെ ഷിജിയാണ് ഈ കാര്യം അറിയിച്ചത്.
കോട്ടയം ചേർത്തല റൂട്ടിലെ കുമരകം കോണത്താറ്റ് പാലം തുറന്നശേഷം വാഹനത്തിരക്കേറിയതോടെ കഴിഞ്ഞ ഒരാഴ്ചയായി കുമരകം റോഡിൽ അനവധി വാഹനാപകടങ്ങളാണ് ഉണ്ടായത്. ഇതിൽ നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
അശ്രദ്ധമായ ഓവർ ടേക്കിങ് ആണ് അപകടങ്ങളുടെ പ്രധാന കാരണമെന്ന് പോലീസ് കണ്ടെത്തി. ഇതിനെ തുടർന്നാണ് റോഡിൽ നിരീക്ഷണം ശക്തമാക്കാൻ പോലീസ് തീരുമാനിച്ചിരിക്കുന്നത്. അലക്ഷ്യമായും അശ്രദ്ധമായും വാഹനമോടിക്കുന്നവർക്കെതിരെ കനത്ത ഫൈൻ ഉൾപ്പെടെയുള്ള നിയമനടപടികൾ ഉണ്ടാവുമെന്നും അപകടം ഉണ്ടാക്കുന്നവരുടെ ലൈസൻസ് റദ്ദാക്കുന്നതിന് മോട്ടോർ വാഹന വകുപ്പിന് റിപ്പോർട്ട് ചെയ്യുന്നതുൾപ്പെടെയുളള നടപടികൾ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group


