
ഈ വർഷത്തെ ആഗോള സുസ്ഥിര ട്രാൻസ്‌പോർട്ട് അവാർഡ് നഷ്ടപ്പെട്ടെങ്കിലും ഈ രംഗത്തു ലോകത്തെ മൂന്ന് പ്രശസ്ത ബ്രാൻഡുകളിലൊന്നായി കൊച്ചി വാട്ടർ മെട്രോ. ലോകത്തിലെ പ്രമുഖ രാജ്യങ്ങളോടു മത്സരിച്ചാണ് ആദ്യത്തെ മൂന്നു സ്ഥാനങ്ങളിൽ വാട്ടർ മെട്രോ എത്തിയത്. ഒന്നാംസ്ഥാനം ബ്രസീലിലെ സാല്വദോർ നഗരത്തിനാണ്. ലാറ്റിനമേരിക്കയിലെ ഏറ്റവും വലിയ ഇലക്‌ട്രിക് ബസ് നിര വികസിപ്പിച്ചതിന് ചിലിയിലെ സാന്റിയാഗോയ്ക്കും പ്രത്യേക പരാമർശം ലഭിച്ചു.
ലോകത്തിലെ മുന്നിര സുസ്ഥിര ഗതാഗതസ്ഥാപനമായ ന്യൂയോർക്ക് ആസ്ഥാനമായി പ്രവത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ട്രാൻസ്പോർട്ടേഷൻ ആൻഡ് ഡവലപ്മെന്റ് പോളിസി (ഐടിഡിപി) നിയോഗിച്ച ജൂറി കൊച്ചി വാട്ടർ മെട്രോക്ക് പ്രത്യേക പരാമർശം നൽകി ആദരിച്ചു.
മലിനീകരണം കുറയ്ക്കാനും ഗതാഗതസൗകര്യം വർധിപ്പിക്കാനും നടത്തിയ നിക്ഷേപങ്ങൾ എങ്ങനെ നഗരജീവിതം മാറ്റിമറിച്ചുവെന്ന് ഈ മൂന്ന് നഗരങ്ങളും തെളിയിക്കുന്നതായി ഐടിഡിപി വിലയിരുത്തി. വ്യാപ്തിയിലും വേഗതയിലുമാണ് സാല്വദോർ മുന്നിലെത്തിയതെങ്കിലും നവീനതയിലൂടെയാണ് കൊച്ചി വേറിട്ടുനിന്നത്. റോഡുകളും റെയിലും മാത്രമല്ല, ജലപാതകളെ ദൈനംദിന പൊതുഗതാഗതമാക്കുന്ന അപൂര്വമായ ആഗോളമാതൃകയാണു കൊച്ചി വാട്ടർ മെട്രോ അവതരിപ്പിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നഗരത്തിലെ പത്തു ദ്വീപുകളിലുടനീളം യാത്രയെ മാറ്റിമറിച്ച പദ്ധതിയെന്ന നിലയിലാണ് ഐടിഡിപി കൊച്ചി വാട്ടർ മെട്രോയെ പരിഗണിച്ചത്. ഇതേവരെ 60 ലക്ഷത്തോളം പേർ യാത്ര ചെയ്തിട്ടുണ്ട്. 20 ഇലക്‌ട്രിക് ഹൈബ്രിഡ് ബോട്ടുകൾ പ്രവർത്തിക്കുന്ന ഈ സംവിധാനം റോഡിലൂടെ ഒരു മണിക്കൂർ എടുത്തിരുന്ന യാത്ര ജലപാതയിലൂടെയാക്കിയതോടെ 20 മിനിറ്റായി ചുരുക്കിയതോടൊപ്പം ചെലവ് ഏകദേശം പകുതിയായി കുറയ്ക്കുകയും ചെയ്തെന്നു ജൂറി വിലയിരുത്തി.



