ശബരിമല സ്വർണക്കൊള്ള: വാജിവാഹനവും കേരളത്തിന് പുറത്തേക്ക് കൊണ്ടു പോയി ധനസമാഹരണം നടത്തിയോ എന്ന് സംശയം: അന്വേഷണം നടത്തി തെളിഞ്ഞാൽ പുതിയ കേസ്

Spread the love

തിരുവനന്തപുരം: സ്വർണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി 2017ല്‍ തന്ത്രിക്കു കൈമാറിയ വാജിവാഹനത്തെക്കുറിച്ചും പ്രത്യേക അന്വേഷണസംഘം അന്വേഷണം ശക്തമാക്കുന്നു.

video
play-sharp-fill

സ്വർണപ്പാളികള്‍ കൊണ്ടുപോയി ആന്ധ്രപ്രദേശ്, കർണാടക എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളിലും വ്യവസായികളുടെ വസതികളിലും പ്രദർശിപ്പിച്ചതുപോലെ വാജിവാഹനവും കേരളത്തിന് പുറത്തേക്ക് കൊണ്ടുപോയി ധനസമാഹരണം നടത്തിയോ എന്നത് സംബന്ധിച്ചാണ് അന്വേഷണം. വാജിവാഹനം ഹൈദരാബാദിലേക്ക് കൊണ്ടുപോയിരുന്നുവെന്ന വിവരങ്ങളാണ് എസ്‌ഐടിക്ക് ലഭിച്ചത്.

ഇപ്പോഴത്തെ വിവാദങ്ങള്‍ ഉയർന്നതിനെ തുടർന്ന് വാജിവാഹനം ഹൈദരാബാദില്‍ നിന്ന് പിന്നീട് കേരളത്തിലേക്ക് തിരിച്ചെത്തിക്കുകയായിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതുസംബന്ധിച്ച്‌ വ്യക്തത തേടുകയാണ് അന്വേഷണസംഘം. ഈ വിഷയത്തില്‍ തന്ത്രി രാജീവരെ വിശദമായി ചോദ്യം ചെയ്യാൻ എസ്‌ഐടി തീരുമാനിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുതിയ കൊടിമരം സ്ഥാപിച്ചതിന് പിന്നാലെ പഴയ കൊടിമരത്തിനു മുകളിലുണ്ടായിരുന്ന വാജിവാഹനം അന്നത്തെ ദേവസ്വം ബോർഡ് തന്ത്രിക്കു കൈമാറിയിരുന്നു. ഈ വാജിവാഹനം വിവിധ സ്ഥലങ്ങളില്‍ പ്രദർശിപ്പിച്ച്‌ പണവും പാരിതോഷികങ്ങളും സ്വീകരിച്ചിട്ടുണ്ടോയെന്നതും അന്വേഷണ പരിധിയിലാണ്. ഇതുമായി ബന്ധപ്പെട്ട് ഉണ്ണിക്കൃഷ്ണൻ പോറ്റിയെയും ചോദ്യം ചെയ്യുമെന്നാണ് വിവരം.

വാജിവാഹനം തന്ത്രിക്കു കൈമാറിയത് നിയമപരമല്ലെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. ദേവസ്വത്തിന്റെ സ്വത്തായ വാജിവാഹനം ദേവസ്വത്തിന്റെ അവകാശമാണെന്നും അത് സ്ട്രോങ് റൂമില്‍ സൂക്ഷിക്കേണ്ടതാണെന്നും വ്യക്തമാക്കുന്ന മുൻ ദേവസ്വം ബോർഡ് സർക്കുലറുകള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്.
വാജിവാഹനം ഉപയോഗിച്ച്‌ സാമ്പത്തിക ലാഭം നേടിയെന്ന കണ്ടെത്തല്‍ ഉണ്ടാകുന്ന പക്ഷം പുതിയ കേസിന് സാധ്യതയുണ്ടെന്ന് എസ്‌ഐടി സൂചിപ്പിക്കുന്നു. വാജിവാഹനം കൈമാറിയ സമയത്തെ ദേവസ്വം ബോർഡ് അംഗങ്ങളുടെയും മൊഴിയും രേഖപ്പെടുത്തിയേക്കും.