play-sharp-fill
കള്ളനെ പിടിച്ച നാട്ടുകാർക്കെതിരെ പൊലീസ് കേസ്: കള്ളനെ പിടികൂടിയവർക്കെതിരെ രജിസ്റ്റർ ചെയ്തത് 30 കേസുകൾ; അതും കള്ളന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കോടതി പറഞ്ഞിട്ട്..!

കള്ളനെ പിടിച്ച നാട്ടുകാർക്കെതിരെ പൊലീസ് കേസ്: കള്ളനെ പിടികൂടിയവർക്കെതിരെ രജിസ്റ്റർ ചെയ്തത് 30 കേസുകൾ; അതും കള്ളന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കോടതി പറഞ്ഞിട്ട്..!

സ്വന്തം ലേഖകൻ
കൊച്ചി: കള്ളനെ പിടിച്ചാൽ നാട്ടുകാർക്ക് എന്ത് കിട്ടും. നല്ല മുട്ടൻ കേസ് കിട്ടും..! കുപ്രസിദ്ധ മോഷ്ടാവ് മൊട്ട ജോസിനെ പിടികൂടിയ നാട്ടുകാർക്കാണ് ഇപ്പോൾ കേസും പൊല്ലാപ്പും പിന്നാലെ എത്തിയിരിക്കുന്നത്. ജോസിനെ മർദിച്ചതിന്റെ പേരിൽ 30 കേസുകളാണ് നാട്ടുകാർക്കെതിരെ പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മോഷ്ടിക്കാൻ കയറിയ വീട്ടിൽ ഒന്നുമില്ലാത്തതിനെ തുടർന്ന് എഴുതി വച്ചിട്ട് പോയ മൊട്ട ജോസിനെയാണ് നാട്ടുകാർ പിടികൂടി പൊലീസിനു കൈമാറിയത്.
ജോസിനെ പിടികൂടിയ സമയത്ത് മർദ്ദിച്ചതിനാണ് കണ്ടാലറിയാവുന്ന 30 പേർക്കെതിരെ പരവൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ദയാബ്ജി ജംഗ്ഷനിലെ അനിതാ ഭവനിൽ നിന്ന് 76 പവനും 8000 രൂപയും കവർന്ന മൊട്ട ജോസ് പരവൂരിലും പരിസരങ്ങളിലുമുണ്ടെന്ന വിവരത്തെ തുടർന്ന് നാട്ടുകാരുടെ സംഘം രാപ്പകൽ തെരച്ചിലിൽ ആയിരുന്നു.
ഇങ്ങനെയാണ് ബുധനാഴ്ച രാത്രി ജോസ് നാട്ടുകാരുടെ കൈയ്യിൽപെട്ടത്. ഓടി മരത്തിൽ കയറാൻ ശ്രമിച്ച ജോസിനെ പിടികൂടി പൊലീസ് വരുന്നത് വരെ മരത്തിൽ കെട്ടിയിട്ടു. നാട്ടുകാർ തന്നെ കൈകാര്യം ചെയ്തെന്ന ജോസിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ജോസിനെ സ്റ്റേഷനിലെത്തിക്കും മുൻപ് നെടുങ്ങോലം സർക്കാർ ആശുപത്രിയിലെത്തിച്ച് വൈദ്യ പരിശോധന നടത്തിയിരുന്നു. മർദ്ദനമേറ്റതായി ഡോക്ടറും റിപ്പോർട്ട് നൽകിയെന്ന് പരവൂർ സി.ഐ എസ്. സാനി പറഞ്ഞു.