
ന്യൂഡൽഹി: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി ഇ ഡി റെയ്ഡ് തടസപ്പെടുത്തിയതുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ ഗൗരവതരം എന്ന് സുപ്രീം കോടതി. തൃണമൂല്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ കണ്‍സള്‍ട്ടൻസി സ്ഥാപനമായ ഐ-പിഎസി ഓഫീസില്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധന തടസ്സപ്പെടുത്തിയെന്ന പരാതിയില്‍ പശ്ചിമ ബംഗാള്‍ സർക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചു.
ജനുവരി 8-ന് നടന്ന റെയ്ഡിനിടെ മമത ബാനർജിയും സംസ്ഥാന പോലീസും ചേർന്ന് ഉദ്യോഗസ്ഥരെ തടഞ്ഞുവെന്ന ഇഡിയുടെ ഹർജി പരിഗണിച്ചാണ് കോടതി നടപടി. വിഷയത്തെ “അങ്ങേയറ്റം ഗൗരവകരമെന്ന്” വിശേഷിപ്പിച്ച ജസ്റ്റിസ് പ്രശാന്ത് കുമാർ മിശ്ര അധ്യക്ഷനായ ബെഞ്ച്, സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ യാതൊരു മാറ്റവും വരുത്താതെ സംരക്ഷിക്കണമെന്ന് സംസ്ഥാന സർക്കാരിനോട് കർശനമായി നിർദ്ദേശിച്ചു.
തൃണമൂല്‍ കോണ്‍ഗ്രസിൻ്റെ ഐടി വിഭാഗം മേധാവി പ്രദീക് ജയിൻ്റെ വീട്ടിലും ഓഫീസിലും നടത്തിയെ റെയ്ഡിനിടെ മമത ബാനർജി അതിക്രമിച്ച് കടന്നുവെന്നും തെളിവുകള്‍ എടുത്തു കൊണ്ടു പോയെന്നും കാണിച്ചായിരുന്നു ഇഡി ഹർജി നല്‍കിയത്. ഇതിന് പിന്നാലെ ബംഗാള്‍ സർക്കാരും തൃണമൂല്‍ കോണ്‍ഗ്രസും തടസ ഹർജിയും നല്‍കി. തുടർന്ന് കോടതിയില്‍ പോര് രൂക്ഷമായി. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസും തമ്മിലുള്ള ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട വാദം കേള്‍ക്കുന്നതിനിടെ കൊല്‍ക്കത്ത ഹൈക്കോടതിയിലുണ്ടായ അരാജകത്വത്തില്‍ വളരെയധികം അസ്വസ്ഥതയുണ്ടെന്നും കോടതി വ്യക്തമാക്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group


