play-sharp-fill
ശ്രീറാം മദ്യപിച്ചിട്ടില്ലെന്ന് മെഡിക്കൽ റിപ്പോർട്ട്: കിംസിൽ നടന്നത് വമ്പൻ തിരിമറി തന്നെ; സ്വകാര്യ ആശുപത്രിയിൽ ശ്രീറാമിന് നടത്തിയ ചികിത്സ മദ്യത്തിന്റെ ലഹരി മാറ്റാനോ..? വാഹനാപകടക്കേസ് വീണ്ടും അട്ടിമറിക്കപ്പെടുന്നു

ശ്രീറാം മദ്യപിച്ചിട്ടില്ലെന്ന് മെഡിക്കൽ റിപ്പോർട്ട്: കിംസിൽ നടന്നത് വമ്പൻ തിരിമറി തന്നെ; സ്വകാര്യ ആശുപത്രിയിൽ ശ്രീറാമിന് നടത്തിയ ചികിത്സ മദ്യത്തിന്റെ ലഹരി മാറ്റാനോ..? വാഹനാപകടക്കേസ് വീണ്ടും അട്ടിമറിക്കപ്പെടുന്നു

സ്വന്തം ലേഖകൻ
തിരുവനനന്തപുരം: മുകളിൽ പിടിയുള്ളവനെ രക്ഷിക്കാനുള്ള എല്ലാ അടവുകളും പുറത്തെടുത്ത് പൊലീസും ഡോക്ടർമാരും ഐ.എ.എസ് സംഘവും. നടു റോഡിൽ പരസ്യമായി യുവ മാധ്യമപ്രവർത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി ചേർക്കപ്പെട്ട ഐ.എ.എസ് ഓഫിസർ ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ചിട്ടില്ലെന്ന് ലാബ് പരിശോധനാ ഫലം. മദ്യലഹരിയിൽ കാൽ നിലത്തുറയ്ക്കാതെ റോഡിൽ കുഴഞ്ഞാടിയ ശ്രീറാം വെങ്കിട്ടരാമനാണ് മദ്യപിച്ചിട്ടില്ലെന്ന പരിശോധനാ ഫലം ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ജനറൽ ആശുപത്രിയിൽ നിന്നും അതിവേഗം കിംസ് എന്ന സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി പോയ ശ്രീറാമിന്റെ ചികിത്സയുടെ വിശദാംശങ്ങൾ ഇനി ശേഖരിച്ചെങ്കിൽ മാത്രമേ കേസിൽ നടന്ന അട്ടിമറിയുടെ വ്യക്തമായ ചിത്രം പൊലീസിനു ലഭിക്കൂ.
ഇതിനിടെ കേസിൽ റിമാൻഡിലായ സർവേ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനെമെഡിക്കൽ കോളെജിലെ പൊലീസ് സെല്ലിലേക്ക് മാറ്റിയിട്ടുണ്ട്.ജയിൽ സുപ്രണ്ടിന് മുന്നിൽ ഹാജരാക്കിയതിന് ശേഷമാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
അതേസമയം, കേസിൽ വെങ്കിട്ടരാമൻജാമ്യാപേക്ഷ സമർപ്പിച്ചു. ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കും. അഡ്വക്കേറ്റ് ഭാസുരേന്ദ്ര നായർ ശ്രീറാം വെങ്കിട്ടരാമന് വേണ്ടി ഹാജരാകും.
വൈകീട്ട് മജിസ്‌ട്രേറ്റിൻറെ വീട്ടിൽ പൊലീസ് ശ്രീറാമിനെ ഹാജരാക്കിയിരുന്നു. തുടർന്ന് ജയിലിലേക്ക് മാറ്റാൻ വഞ്ചിയൂർ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ഉത്തരവിട്ടത്. ശ്രീറാം വെങ്കിട്ടരാമന് ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ ഇല്ലെന്നാണ് മെഡിക്കൽ റിപ്പോർട്ട്. ചികിത്സയിൽ കഴിഞ്ഞ സ്വകാര്യ ആശുപത്രിയിൽ നിന്ന് ഞായറാഴ്ച വൈകീട്ടോടെയാണ് പൊലീസ് ശ്രീറാമിനെ മാറ്റിയത്. മെഡിക്കൽ കോളജിലേക്ക് മാറ്റുമെന്നായിരുന്നു ആദ്യം അറിയിച്ചത്. എന്നാൽ, മജിസ്‌ട്രേറ്റിൻറെ വീട്ടിലേക്കാണ് കൊണ്ടുപോയത്.
അപകടത്തിൽ പരിക്കേറ്റ ശ്രീറാം വെങ്കിട്ടരാമൻ സ്വകാര്യ ആശുപത്രിയായ കിംസിൽ ചികിത്സ തേടിയത് വിവാദമായിരുന്നു. മെഡിക്കൽ കോളജിലേക്ക് റെഫർ ചെയ്തിട്ടും ശ്രീറാം സ്വന്തം നിലക്ക് സ്വകാര്യ ആശുപത്രിയിലേക്ക് മാറുകയായിരുന്നു. പൊലീസ് ഇതിൽ നടപടിയെടുത്തിരുന്നില്ല.
ഇതിനിടെ കിംസ് ആശുപത്രിയിൽ സംഭവ ദിവസം രാത്രിയിൽ തന്നെ ശ്രീറാം ചികിത്സ തേടിയത് മദ്യത്തിന്റെ ലഹരി ഒഴിവാക്കുന്നത് വേണ്ടിയാണെന്ന ആരോപണം ഉയരുന്നത്. മദ്യത്തിന്റെ ലഹരി രക്തത്തിൽ നിന്ന് ഇല്ലാതാക്കുന്നതിനു വേണ്ടിയുള്ള കുത്തിവെയ്പ്പ് എടുക്കാൻ നിലവിൽ മാർഗങ്ങളുണ്ട്. ഇത് ഉപയോഗിച്ചാണ് ശ്രീറാം ലാബ് പരിശോധനാ ഫലത്തിൽ നിന്ന് രക്ഷപെട്ടതാണെന്ന് ആരോപണം ഉയരുന്നത്. ശ്രീറാം മദ്യപിച്ചാണ് വാഹനം ഓടിച്ചതെന്ന് സാക്ഷിമൊഴികളുണ്ട്. വാഹനത്തിൽ ശ്രീറാമിനൊപ്പമുണ്ടായിരുന്ന യുവതിയും, അപകടം കണ്ടു നിന്ന ദൃക്‌സാക്ഷികളും ഇതു സംബന്ധിച്ചു മൊഴി നൽകിയിട്ടുമുണ്ട്. എന്നാൽ, അപകടത്തിന് മണിക്കൂറുകൾക്ക് ശേഷം നടത്തിയ രക്ത പരിശോധനാ ഫലത്തിൽ ശ്രീറാം മദ്യപിച്ചതായി കണ്ടെത്താത്തതാണ് ദുരൂഹമായി തുടരുന്നത്.