
കൊച്ചി: ഇരട്ടനികുതി അടക്കമുള്ള വിഷയങ്ങളില്‍ സർക്കാരിനെതിരെ നിലപാട് കടുപ്പിക്കാനൊരുങ്ങി മലയാള സിനിമ. അനുകൂല നിലപാടുണ്ടാകാത്ത പക്ഷം സമരവുമായി മുന്നോട്ടുപോകാനാണ് സിനിമാസംഘടനകളുടെ തീരുമാനം.
ഇതിന്റെ ഭാഗമായി ഫിലിം ചേംബർ, താരസംഘടനയായ ‘അമ്മ’, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തുടങ്ങിയവയുടെ ആഭിമുഖ്യത്തില്‍ 21-ന് സൂചനാസമരം നടത്തും. അന്നേ ദിവസം ഷൂട്ടിങ്ങുകള്‍ നിർത്തിവെക്കാനും തിയേറ്ററുകള്‍ അടച്ചിടാനുമാണ് നിർദ്ദേശം.
ജിഎസ്ടിക്ക് പുറമെ ഈടാക്കുന്ന വിനോദനികുതി പൂർണമായി പിൻവലിക്കുക, സിനിമ തിയേറ്ററുകള്‍ക്ക് അടക്കം പ്രത്യേക വൈദ്യുതി താരിഫ് നടപ്പാക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങള്‍. ജിഎസ്ടിയും വിനോദ നികുതിയും വിനോദ നികുതിക്ക് മേലുള്ള ജിഎസ്ടിയും ചേർന്ന് ഫലത്തില്‍ മൂന്ന് തരത്തിലുള്ള നികുതിഭാരമാണ് സിനിമ വ്യവസായം അനുഭവിക്കുന്നതെന്ന് ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. തിയേറ്ററുകള്‍ക്ക് വലിയ തുക നികുതി കുടിശികയും അതിന്മേല്‍ ഭീമമായ പലിശയും വരുന്നുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സൂചനാസമരത്തിനുശേഷവും അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ അനിശ്ചിതകാലത്തേക്ക് തിയേറ്ററുകള്‍ അടച്ചിടുന്നത് ഉള്‍പ്പെടെയുള്ള കടുത്ത നടപടികളിലേക്കു നീങ്ങേണ്ടിവരുമെന്ന് ഭാരവാഹികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അതേസമയം സർക്കാരിൻ്റെ ഭാഗമായി രണ്ട് സിനിമക്കാർ ഭരണതലത്തില്‍ ഉണ്ടായിട്ടും സിനിമ മേഖലയുടെ പ്രശ്നങ്ങളില്‍ കാര്യമായ ഇടപെടലുകള്‍ ഉണ്ടായില്ലെന്ന വിമർശനവും സംഘടനകള്‍ ഉന്നയിക്കുന്നുണ്ട്. പ്രശ്നങ്ങള്‍ ചർച്ച ചെയ്യാമെന്ന് സംസ്ഥാന സർക്കാർ നേരത്തെ അറിയിച്ചിരുന്നെങ്കിലും ഇതുവരെ അതിന് തയ്യാറായിട്ടില്ല.




