
തിരുവനന്തപുരം: മകരവിളക്ക് ദർശനം കഴിഞ്ഞ് മടങ്ങുന്ന അയ്യപ്പഭക്തർക്കായി കെഎസ്‌ആർടിസി പമ്പയില്‍ വിപുലമായ യാത്രാസൗകര്യങ്ങള്‍ ഒരുക്കുന്നു.
ചരിത്രത്തിലാദ്യമായാണ് 1,000 ബസുകള്‍ ഇത്തരത്തില്‍ ഒരു കേന്ദ്രത്തില്‍ മാത്രമായി സജ്ജീകരിക്കുന്നത്.
നിലവില്‍ പമ്പയിലുള്ള 204 ബസുകള്‍ക്കും വിവിധ സ്പെഷ്യല്‍ സെന്ററുകളില്‍ നിന്നുള്ള 248 ബസുകള്‍ക്കും പുറമേ, മകരവിളക്ക് പ്രമാണിച്ച് 548 ബസുകള്‍ കൂടി അധികമായി എത്തിക്കും.
ട്രാഫിക് തടസ്സങ്ങള്‍ ഒഴിവാക്കാൻ ജനുവരി 12 മുതല്‍ ഹില്‍ടോപ്പില്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ബസുകള്‍ പമ്പ മുതല്‍ നിലയ്ക്കല്‍ വരെ റോഡിന്റെ ഒരു വശത്തായി ക്രമമായി പാർക്ക് ചെയ്യും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മകരജ്യോതി ദർശനത്തിന് പിന്നാലെ പമ്പ-നിലയ്ക്കല്‍ ചെയിൻ സർവീസുകള്‍ ഉടനടി ആരംഭിക്കും. രണ്ട് ഘട്ടം ചെയിൻ സർവീസുകള്‍ പൂർത്തിയാകുന്നതോടെ ദീർഘദൂര ബസുകളും യാത്ര തിരിക്കും.
ഡ്യൂട്ടിയിലുള്ള ജീവനക്കാർക്കായി കേരള ശുചിത്വ മിഷൻ നല്‍കിയ പ്രകൃതി സൗഹൃദ സഞ്ചികളില്‍ 2350 ഫുഡ് കിറ്റുകള്‍ വിതരണം ചെയ്യും. പത്തനംതിട്ട, പമ്പ, എരുമേലി എന്നിവിടങ്ങളിലാകും വിതരണം.
തെക്കൻ-വടക്കൻ മേഖലകളില്‍ നിന്നുള്ള ബസുകള്‍ ജനുവരി 13 ചൊവ്വാഴ്ച രാത്രിയോടെ പത്തനംതിട്ടയിലും മധ്യമേഖലയില്‍ നിന്നുള്ളവ എരുമേലി, കാഞ്ഞിരപ്പള്ളി ഭാഗങ്ങളിലും എത്തും. ഇവ 14-ാം തീയതി രാവിലെ 10 മണിയോടെ പമ്പയില്‍ റിപ്പോർട്ട് ചെയ്യും.




