
കൊല്ലം: ശബരിമലയിലെ കട്ടിളപ്പാളിയും ദ്വാരപാലക ശില്പങ്ങളും കടത്തിയതുമായി ബന്ധപ്പെട്ട കേസില്‍ തന്ത്രി കണ്ഠരര് രാജീവർക്ക് കനത്ത തിരിച്ചടി.
ദ്വാരപാലക ശില്പ മോഷണക്കേസില്‍ തന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്താൻ പ്രത്യേക അന്വേഷണ സംഘത്തിന് (SIT) കൊല്ലം വിജിലൻസ് കോടതി അനുമതി നല്കി.
നിലവില്‍ കോടതിയുടെ കസ്റ്റഡിയിലുള്ള തന്ത്രിയെ ഈ കേസില്‍ കൂടി പ്രതി ചേർക്കണമെന്ന എസ്ഐടിയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.
കട്ടിളപ്പാളി കേസില്‍ തന്ത്രി സമർപ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ഈ മാസം 19-ലേക്ക് മാറ്റി വെച്ചു. കേസില്‍ കൂടുതല്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്നും വിശദമായ വാദം കേള്‍ക്കണമെന്നുമുള്ള അന്വേഷണ സംഘത്തിന്റെ നിലപാട് പരിഗണിച്ചാണ് കോടതി നടപടി. എസ്ഐടി സമർപ്പിക്കുന്ന റിപ്പോർട്ട് കൂടി പരിശോധിച്ച ശേഷമായിരിക്കും തന്ത്രിയുടെ ജാമ്യകാര്യത്തില്‍ കോടതി അന്തിമ തീരുമാനം കൈക്കൊള്ളുക.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സന്നിധാനത്തുനിന്നും കട്ടിളപ്പാളിയും ദ്വാരപാലക ശില്പവും കൊണ്ടുപോകുമ്പോള്‍ തന്ത്രി അവിടെ സന്നിഹിതനായിരുന്നുവെന്നും, അതിനാല്‍ അദ്ദേഹത്തെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നുമാണ് അന്വേഷണ സംഘം കോടതിയില്‍ വ്യക്തമാക്കിയത്. അതീവ സുരക്ഷാ മേഖലയില്‍ നിന്ന് ശില്പങ്ങള് കടത്തിയതില്‍ തന്ത്രിയുടെ പങ്കിനെക്കുറിച്ച് കൂടുതല്‍ അന്വേഷണം വേണമെന്നും എസ്ഐടി ആവശ്യപ്പെട്ടു.
കോടതിയുടെ പുതിയ ഉത്തരവോടെ തന്ത്രിയുടെ അറസ്റ്റ് നടപടികളുമായി മുന്നോട്ട് പോകാൻ അന്വേഷണ സംഘത്തിന് വഴിതുറന്നിരിക്കുകയാണ്. കേസില്‍ എ പത്മകുമാറിനെ 14 ദിവകാശത്തേക്ക് കോടതി റിമാൻഡ് ചെയ്തു.



