
കാലിഫോര്‍ണിയ: സമൂഹമാധ്യമ പ്ലാറ്റ്ഫോമായ ഇന്‍സ്റ്റഗ്രാമിൽനിന്ന് 1.75 കോടിപ്പേരുടെ വിവരങ്ങൾ ചോർന്നതായി പുറത്തുവന്ന റിപ്പോർട്ട് തള്ളി ഇൻസ്റ്റാഗ്രം രംഗത്ത്.
സൈബര്‍ സുരക്ഷാ കമ്പനിയായ മാല്‍വെയര്‍ബൈറ്റ്സാണ് ഇൻസ്റ്റഗ്രാമിൽ സുരക്ഷാ വീഴ്ച സംഭവിച്ചുവെന്ന റിപ്പോര്‍ട്ട് ആദ്യം പുറത്തുവിട്ടത്. ഹാക്കര്‍മാര്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളിലെ യൂസര്‍നെയിം, ഫോണ്‍ നമ്പര്‍, ഇമെയില്‍ വിലാസം, മറ്റ് വ്യക്തി വിവരങ്ങള്‍ എന്നിവ ചോര്‍ത്തിയെന്നും വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍ എത്തിയെന്നുമായിരുന്നു റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. എന്നാല്‍ ഇന്‍സ്റ്റഗ്രാമിലെ ഡാറ്റാ ലീക്ക് ആരോപണങ്ങള്‍ പൂര്‍ണമായും തള്ളിയിരിക്കുകയാണ് മാതൃ കമ്പനിയായ മെറ്റ.
ഡാറ്റാ ലീക്ക് ആരോപണങ്ങള്‍ വന്നതിന് പിന്നാലെ അക്കൗണ്ട് ഉടമകള്‍ ആവശ്യപ്പെടാതെ തന്നെ നിരവധി യൂസര്‍മാര്‍ക്ക് ഇന്‍സ്റ്റഗ്രാമില്‍ നിന്ന് പാസ്വേഡ് റീസെറ്റിംഗ് ഇമെയിലുകള്‍ പലതവണ ലഭിച്ചിരുന്നു. അതോടെ ഇന്‍സ്റ്റഗ്രാമില്‍ വലിയ തോതില്‍ ഹാക്കര്‍മാരുടെ നുഴഞ്ഞുകയറ്റം നടക്കുന്നതായുള്ള ആശങ്കയിലായിരുന്നു ഉപഭോക്താക്കൾ. എന്നാൽ ഈ കാര്യത്തിലും വ്യക്തത വരുത്തികൊണ്ടാണ് മെറ്റ രംഗത്തെത്തിയിരിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മെറ്റ വിശദീകരണത്തില്‍ പറയുന്നത് ഇങ്ങനെ; ഇന്സ്റ്റഗ്രാമിന് പുറത്തുള്ളവര്‍ക്ക് ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളിലെ പാസ്വേഡുകള് റീസെറ്റ് ചെയ്യാന്‍ ഇമെയിലുകള്‍ അയക്കാന്‍ അനുവദിക്കുന്ന പിഴവ് കണ്ടെത്തി പരിഹരിച്ചു. ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളിലേക്കോ ആന്തരിക സിസ്റ്റങ്ങളിലേക്കോ അനധികൃത ആക്സസ് ഇതില്‍ ഉള്‍പ്പെടുന്നില്ല. ഞങ്ങളുടെ സംവിധാനത്തില്‍ ഡാറ്റാ ചോര്‍ച്ചയുണ്ടായിട്ടില്ല, നിങ്ങളുടെയെല്ലാം ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ സുരക്ഷിതമാണ്. പാസ്വേഡ് റീസെറ്റിംഗ് ഇമെയിലുകള്‍ നിങ്ങള്‍ തള്ളിക്കളയുക. ഉപയോക്താക്കള്‍ക്ക് ആശയക്കുഴപ്പങ്ങളുണ്ടായതില് ക്ഷമ ചോദിക്കുന്നു’. സാമൂഹിക മാധ്യമമായ എക്സിലൂടെയായിരുന്നു അധികൃതരുടെ പ്രതികരണം.



