
സന്നിധാനം: ശബരിമലയില്‍ മകര വിളക്കും മകരസംക്രമ പൂജയും നാളെ നടക്കും.
തീർഥാടകരെ വരവേല്‍ക്കാൻ സന്നിധാനത്തും പരിസരത്തും എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി.
മകരവിളക്കിനോടനുബന്ധിച്ചുള്ള പ്രസാദശുദ്ധിക്രിയകള്‍ തിങ്കളാഴ്ച നടന്നു. ചൊവ്വാഴ്ച ബിംബശുദ്ധിക്രിയകള്‍ നടക്കും.
അതേസമയം സന്നിധാനത്ത് തീർഥാടകരുടെ തിരക്ക് തുടങ്ങിയിട്ടുണ്ട്.
ബുധനാഴ്ച പകല്‍ 3:08ന് സൂര്യൻ ധനുരാശിയില്‍ നിന്നും മകരം രാശിയിലേക്ക് കടക്കുന്ന മുഹൂർത്തത്തിലാണ് മകര സംക്രമപൂജ. പകല്‍ 2:45ന് നട തുറന്ന് മൂന്നിന് സംക്രമപൂജ ആരംഭിക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തന്ത്രി കണ്ഠര് മഹേഷ് മോഹനര്, മേല്‍ശാന്തി ഇ ഡി പ്രസാദ് നമ്പൂതിരി എന്നിവർ മുഖ്യകാർമികനാകും. പന്തളം കൊട്ടാരത്തില്‍ നിന്ന് കൊണ്ടുവരുന്ന തിരുവാഭരണം ചാർത്തി വൈകിട്ട് 6.40നാണ് ദീപാരാധന. ഈ സമയത്താണ് പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിക്കുക.
തിരുവാഭരണവാഹകസംഘം വൈകിട്ട് 6:15ന് പതിനെട്ടാം പടി കയറി കൊടിമരച്ചുവട്ടില്‍ എത്തുമ്പോള്‍ ദേവസ്വം മന്ത്രി വി എൻ വാസവൻ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ തുടങ്ങിയവരുടെ നേതൃത്വത്തില്‍ സ്വീകരിക്കും. സോപാനത്ത് എത്തിക്കുന്ന തിരുവാഭരണ പേടകം തന്ത്രിയും മേല്‍ശാന്തിയും ചേർന്ന് ഏറ്റുവാങ്ങും. തുടർന്ന് ദീപാരാധന നടക്കും.



