റോഡില്‍ കയർ കുറുകെ കെട്ടി;അയ്യപ്പഭക്തരെ പോലീസ് മണിക്കൂറുകളോളം തടഞ്ഞിട്ടു; കുരുങ്ങി ഭക്തരും നാട്ടുകാരും;എരുമേലിയില്‍ നിയന്ത്രണം കടുപ്പിച്ച്‌ പോലീസ്

Spread the love

എരുമേലി:മകരവിളക്ക് അടുത്തതോടെ പമ്പയിലും സന്നിധാനത്തും പരിധിയില്‍ കൂടുതല്‍ ഭക്തരായതോടെ എരുമേലിയില്‍ നിയന്ത്രണം കടുപ്പിച്ച്‌ പോലീസ്.

video
play-sharp-fill

എരുമേലി ടൗണും പരിസരങ്ങളും എരുമേലിയിലെ കാനനപാതയുടെ പ്രവേശന ഭാഗങ്ങളും സംഘർഷങ്ങളില്‍ നിറയുമ്പോള്‍ റോഡുകളില്‍ കുരുക്കുകളായി വാഹനങ്ങളും യാത്രക്കാരും അതീവ ദുരിതങ്ങളില്‍ കഴിയുകയായിരുന്നു.

ഇന്നലെ എരുമേലിയില്‍ രാവിലെ മുതല്‍ വൈകുന്നേരം വരെയും പോലീസ് കഠിന പ്രയത്നം ചെയ്താണ് ശബരിമല തീർഥാടകരെ വഴിയിലുടനീളം തടഞ്ഞത്. ഇങ്ങനെ ഒരു ദിവസം മൊത്തം ഇടതടവില്ലാതെ തടയേണ്ടി വന്നത് എരുമേലിയില്‍ ശബരിമല സീസണില്‍ ആദ്യമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റോഡില്‍ കയർ കുറുകെ കെട്ടി നൂറുകണക്കിന് അയ്യപ്പഭക്തരെ ശബരിമല പാതയിലേക്ക് വിടാതെ പോലീസ് തടഞ്ഞു നിർത്തുമ്പോള്‍ പോലീസുകാരോട് അയ്യപ്പഭക്തർ മാത്രമല്ല നാട്ടുകാരും കയർത്തു. എല്ലാവരോടും പോലീസുകാർക്ക് പറയാൻ ഒറ്റ മറുപടിയാണ് ഉണ്ടായിരുന്നത്. പമ്പയിലും സന്നിധാനത്തും പരിധിയില്‍ കൂടുതല്‍ ഭക്തരാണ്, ഇനിയും ആളുകള്‍ ചെന്നാല്‍ ദുരന്തത്തിലേക്ക് കാര്യങ്ങള്‍ കൈവിട്ടു പോകും.

ഏതാനും സമയം കഴിഞ്ഞ് പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ തിരക്ക് കുറയുന്ന പ്രകാരം ഭക്തരെ കടത്തിവിടാമെന്ന് പോലീസുകാർ വിവിധ ഭാഷകളില്‍ പറഞ്ഞുകൊണ്ടിരുന്നു. ജില്ലാ പോലിസ് മേധാവി എ. ഷാഹുല്‍ ഹമീദ് എരുമേലിയില്‍ ക്യാമ്പ് ചെയ്താണ് പോലീസ് സേനയ്ക്ക് മേല്‍നോട്ടം നടത്തിക്കൊണ്ടിരുന്നത്.

നൂറുകണക്കിന് ആളുകള്‍ ക്കാണ് ഇന്നലെ എരുമേലിയില്‍ കടുത്ത യാത്രാദുരിതം നേരിട്ടത്. അയ്യപ്പഭക്തർക്ക് മണിക്കൂറുകളോളം റോഡില്‍ കഴിയേണ്ടി വന്നു. നടന്നുപോകുന്ന ഭക്തരാണ് ഏറെ സമയം റോഡുകളില്‍ തടയപ്പെട്ടത്. ഒടുവില്‍ ഇന്നലെ വൈകുന്നേരത്തോടെയാണ് തിരക്കിന് അല്പം ശമനമായത്.

അടുത്ത ശബരിമല സീസണില്‍ ഇങ്ങനെ ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ കാലോചിതമായി ശബരിമല ദർശന ക്രമീകരണം എല്ലാ സംസ്ഥാനങ്ങളെയും അറിയിച്ച്‌ വിപുലമായ നിലയില്‍ പരിഷ്കരിച്ച്‌ കുറ്റമറ്റ സംവിധാനമാക്കണമെന്ന് അഭിപ്രായം ഇതോടെ ശക്തമായിരിക്കുകയാണ്. ശബരിമല ദർശനത്തിനുള്ള വെർച്വല്‍ ക്യൂ പോലും ബുക്ക് ചെയ്യാൻ രാത്രിയിലാണ് സൗകര്യം ലഭിക്കുന്നത്.

ഇതാകട്ടെ തീരെ പരിമിതമാണ്. മുമ്പ് കാനനപാതയില്‍ പോകുന്നവർക്ക് വെർച്വല്‍ ക്യൂ വഴി പാസ് എടുക്കേണ്ടതില്ലായിരുന്നു.

എന്നാല്‍ ഇത്തവണ കാനനപാതയില്‍ അത് നിർബന്ധമാക്കി. ദൂരങ്ങള്‍ താണ്ടി അതീവ പ്രയാസം നിറഞ്ഞ കാനനപാതയില്‍ എത്തുന്നവർ ഈ നിബന്ധനകള്‍ അറിയാതെയാണ് എത്തുന്നത്. ഈ നിബന്ധനകള്‍ കേരളത്തിലോ മറ്റ് സംസ്ഥാനങ്ങളിലോ നേരത്തേ അറിയിച്ച്‌ പ്രചാരണം ചെയ്തിട്ടുമില്ല.

കർണാടക, മഹാരാഷട്ര, ആന്ധ്രാപ്രദേശ് ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന പതിനായിരക്കണക്കിന് ഭക്തരാണ് സർക്കാർ സംവിധാനം കൃത്യമായി അറിയിക്കാത്തതുമൂലം എരുമേലിയില്‍ എത്തി വലയുന്നത്.