ക്രൈം ഡെസ്‌ക്
കോട്ടയം: നഗരമധ്യത്തിൽ വീണ്ടും കത്തിക്കുത്ത്. കഴിഞ്ഞ ദിവസം തിരുനക്കരയിൽ ട്രാൻസ്‌ജെൻഡർ യുവാവിനെ ആക്രമിച്ചതിന് പിന്നാലെയാണ് ഇപ്പോൾ അനശ്വര തീയറ്ററിനു മുന്നിലെ റോഡിൽ കത്തിക്കുത്ത് ഉണ്ടായിരിക്കുന്നത്. കടത്തിണ്ണയിൽ കിടക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നാണ് ചെരുപ്പുകുത്തിയായ തമിഴ്‌നാട് സ്വദേശിയെ ഒപ്പമുണ്ടായിരുന്നയാൾ കുത്തിയത്. തമിഴ്‌നാട് സ്വദേശിയും ചെരുപ്പ് കുത്തിയുമായ രാജേന്ദ്രനെയാണ് (53) മേസ്തിരിപ്പണിക്കാരനായ കുമാർ (30)കുത്തിപ്പരിക്കേൽപ്പിച്ചത്. താടിയ്ക്ക് ഗുരുതരമായി കുത്തേറ്റ കുമാറിനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുമാറിന്റെ താടിയിൽ നാല് കുത്തിക്കെട്ട് വേണ്ടി വന്നിട്ടുണ്ട്. പൊട്ടിക്കിടന്ന ട്യൂബിന്റെ കഷണം ഉപയോഗിച്ചാണ് കുമാർ രാജേന്ദ്രനെ കുത്തിയത്.
ശനിയാഴ്ച രാത്രി എട്ടു മണിയോടെ നഗരമധ്യത്തിൽ അനശ്വര തീയറ്ററിനു സമീപത്തായിരുന്നു സംഭവങ്ങൾ. പ്രദേശത്തെ കടത്തിണ്ണയിലാണ് ഇരുവരും കിടന്നുറങ്ങിയിരുന്നത്. രാജേന്ദ്രൻ കിടന്നുറങ്ങുന്ന കടത്തിണ്ണയിൽ കിടക്കാനായി കുമാർ എത്തി. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയുമുണ്ടായി. തുടർന്ന് കുമാർ താഴെ തറയിൽ പൊട്ടിക്കിടന്ന ട്യൂബിന്റെ കഷണം ഉപയോഗിച്ച് രാജേന്ദ്രനെ കുത്തുകയായിരുന്നു. താടിയിൽ ആഴത്തിൽ മുറിവേറ്റ രാജേന്ദ്രൻ റോഡിൽ കുഴഞ്ഞ് വീണു. ഇതുവഴി എത്തിയ പൊലീസ് കൺട്രോൾ റൂം വാഹനത്തിലാണ് രാജേന്ദ്രനെ ജനറൽ ആശുപത്രിയിൽ എത്തിച്ചത്. കുമാർ പൊലീസ് വാഹനം എത്തുന്നത് കണ്ട് ഓടി രക്ഷപെട്ടു. കുമാറിനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം തിരുനക്കര മൈതാനത്ത് ട്രാൻസ്‌ജെൻഡർ നടത്തിയ ആക്രമണത്തിൽ യുവാവിന് സാരമായി പരിക്കേറ്റിരുന്നു.ഇതിനു പിന്നാലെയാണ് നഗരത്തിൽ വീണ്ടും ആക്രമണമുണ്ടാകുന്നത്. ഇത് നഗരത്തിലെ രാത്രി കാലങ്ങളിലെ പൊലീസ് സാന്നിധ്യത്തെ വീണ്ടും ചോദ്യം ചെയ്യുന്നതാണ്. തിരുനക്കരയിൽ തന്നെയാണ് കഴിഞ്ഞ രണ്ട് ആക്രമണങ്ങളും ഉണ്ടായിരിക്കുന്നത്. ഇത് സാമൂഹ്യ വിരുദ്ധർ വീണ്ടും നഗരം പിടിച്ചടക്കി എന്നതിനുള്ള വ്യക്തമായ സൂചനയായി മാറിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് നഗരമധ്യത്തിലേയ്ക്ക് തന്നെ വീണ്ടും പൊലീസ് സ്റ്റേഷൻ എത്തിക്കണമെന്ന ആവശ്യം ശക്തമായിരിക്കുന്നത്. ഈ ആവശ്യം ഉന്നയിച്ച് തേർഡ് ഐ ന്യൂസ് ലൈവ് മുഖ്യമന്ത്രിയ്ക്കും, സംസ്ഥാന പൊലീസ് മേധാവിയ്ക്കും പരാതിയും നൽകിയിരുന്നു.