play-sharp-fill
ബഷീറിന്റെ മരണം ; ശ്രീറാമിനെതിരെ ജ്യാമ്യമില്ലാ കുറ്റം ചുമത്താൻ ഡിജിപിയുടെ നിർദേശം

ബഷീറിന്റെ മരണം ; ശ്രീറാമിനെതിരെ ജ്യാമ്യമില്ലാ കുറ്റം ചുമത്താൻ ഡിജിപിയുടെ നിർദേശം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സിറാജ് പത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് ചീഫ് കെഎം ബഷീറിന്റെ അപകടമരണത്തിന് ഇടയായ വാഹനം ഓടിച്ച ശ്രീറാം വെങ്കിട്ടരാമനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുക്കാൻ തീരുമാനമായി.
ഇത് സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദേശം നൽകി.

നിലവിൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലുള്ള ശ്രീറാമിനെ ഉടൻ തന്നെ പൊലീസ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തും എന്നാണ് സൂചന. അതിനു ശേഷം അദ്ദേഹത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടെ, മുഹമ്മദ് ബഷീറിന്റെ അപകടമരണത്തിൽ പൊലീസ് ഒത്തുകളിച്ചെന്ന തരത്തിൽ ആരോപണങ്ങൾ ശക്തമാകുന്നുണ്ട്.അപകടമുണ്ടായി മരണപ്പെടുമ്പോൾ ചെയ്യേണ്ടതായ നടപടിക്രമങ്ങൾ ഒന്നും പൊലീസ് പാലിച്ചിട്ടില്ലെന്നാണ് ആരോപണം ഉയരുന്നത്. എന്നാൽ, കാര്യങ്ങൾ കൈവിട്ട് പോയതോടെയാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ എത്തി അന്വേഷണം ദ്രുതഗതിയിലാക്കിയത്.

അപകടത്തിനിടയാക്കിയ കാർ ഓടിച്ചിരുന്നത് തനിക്കൊപ്പമുണ്ടായ സുഹൃത്ത് വഫ ഫിറോസായിരുന്നു എന്നാണ് ശ്രീറാം വെങ്കിട്ടരാമൻ പൊലീസിനോട് ആദ്യം പറഞ്ഞത്. എന്നാൽ, കാർ ഓടിച്ചത് സർവേ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ തന്നെയെന്ന് ദൃക്‌സാക്ഷി മൊഴി നൽകുകയായിരുന്നു. ഓട്ടോ ഡ്രൈവറായ ഷഫീക്കായിരുന്നു വെളിപ്പെടുത്തൽ നടത്തിയത്. പിന്നീട് ഒപ്പമുണ്ടായിരുന്ന യുവതിയും പൊലീസിന് മൊഴി നൽകി.

തുടർന്നാണ്, മാധ്യമപ്രവർത്തകന്റെ മരണത്തിനിടയാക്കിയ കാറോടിച്ചത് ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനാണെന്ന് പൊലീസ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ ഐജി സഞ്ജയ് കുമാർ ഗരുഡിനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ശ്രീറാമിനും സുഹൃത്ത് വഫ ഫിറോസിനുമെതിരെ പൊലീസ് മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കയും ചെയ്തു.

അമിത വേഗതയിൽ എത്തിയ വാഹനം മ്യൂസിയം ജംഗ്ഷനിൽ വെച്ച് ബഷീറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. വൈദ്യ പരിശോധനയിൽ ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് പഠനാവധി കഴിഞ്ഞെത്തിയ ശ്രീറാം വെങ്കിട്ടരാമനെ സർവേ ആൻഡ് ലാൻഡ് റെക്കോർഡ്സ് ഡയറക്ടറായി നിയമിച്ചത്. കേരള ലാൻഡ് ഇൻഫർമേഷൻ മിഷൻ പ്രോജക്ട് ഡയറക്ടർ, ഹൗസിങ് കമ്മിഷണർ, ഹൗസിങ് ബോർഡ് സെക്രട്ടറി എന്നീ അധിക ചുമതലകളും ശ്രീറാമിന് നൽകിയിരുന്നു. മന്ത്രിസഭയുടേതാണ് തീരുമാനം. മൂന്നാറിലെ ഭൂമി കയ്യേറ്റങ്ങളിൽ ശക്തമായ നടപടി സ്വീകരിച്ച് ശ്രദ്ധ നേടിയ മുൻ ദേവികുളം സബ്ബ് കളക്ടറാണ് ശ്രീറാം വെങ്കിട്ട രാമൻ.

2004ൽ തിരൂർ പ്രാദേശിക റിപ്പോർട്ടറായി സിറാജിൽ പത്രപ്രവർത്തനം ആരംഭിച്ച കെ എം ബഷീർ പിന്നീട് സിറാജ് മലപ്പുറം ബ്യൂറോയിൽ സ്റ്റാഫ് റിപ്പോർട്ടറായി ചേർന്നു. 2006 ൽ തിരുവനന്തപുരം ബ്യൂറോയിലേക്ക് മാറി. തുടർന്ന് തിരുവനന്തപുരം ബ്യൂറോ ചീഫായി ദീർഘകാലം സേവനമനുഷ്ടിച്ച അദ്ദേഹം പിന്നീട് യൂണിറ്റ് മേധാവിയായി നിയമിതനാവുകയായിരുന്നു. നിയമസഭാ റിപ്പോർട്ടിംഗിലെ മികവിന് കേരള മീഡിയ അക്കാഡമി കഴിഞ്ഞയാഴ്ച ബഷീറിനെ ആദരിച്ചിരുന്നു.

പ്രമുഖ സൂഫിവര്യൻ ആയിരുന്ന വടകര മുഹമ്മദാജി തങ്ങളുടെ മകനായ ബഷീർ തിരൂർ വാണിയന്നൂർ സ്വദേശിയാണ്. മാതാവ്: തിത്താച്ചുമ്മ. ഭാര്യ: ജസീല. മക്കൾ: ജന്ന, അസ്മി.