
കുന്നംകുളം: കിഴൂര്‍ വിവേകാനന്ദ കോളജിലെ എസ്.എഫ്.ഐ.-എ.ബി.വി.പി. സംഘര്‍ഷത്തില്‍ പോലീസ് കസ്‌റ്റഡിയിലെടുത്തവരുമായി സംസാരിക്കാനെത്തിയ എസ്.എഫ്.ഐ.
ഏരിയ പ്രസിഡന്റിനെ പോലീസ് മര്‍ദിച്ചെന്ന് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും ജില്ലാ പോലീസ് മേധാവിക്കും എസ്.എഫ്.ഐ. നല്‍കിയ പരാതി പാര്‍ട്ടിക്ക് തലവേദനയാകുന്നു. എസ്.എഫ്.ഐ. ഏരിയ പ്രസിഡന്റ് അക്ഷയയെ പാറാവ്
ഡ്യൂട്ടിക്കുണ്ടായിരുന്ന പോലീസുകാരന്‍ ചെകിടത്തടിച്ചെന്നാണു പരാതി.
കോളജിലെ സംഘര്‍ഷവുമായി ബന്ധമില്ലാത്ത രണ്ട് വിദ്യാര്‍ഥികളെ റോഡില്‍നിന്ന് പോലീസ് കസ്‌റ്റഡിയിലെടുത്തിരുന്നതായി എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ പറയുന്നു. ഇതിന്റെ കാരണം അന്വേഷിച്ചാണ് എസ്.എഫ്.ഐ. ഏരിയ സെക്രട്ടറി പ്രണവും പ്രസിഡന്റ് അക്ഷയ്‌യും സ്‌റ്റേഷനിലെത്തിയത്.
സ്‌റ്റേഷനകത്തേക്ക് കടക്കാന്‍ ശ്രമിച്ച ഇരുവരെയും ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്‌ഥന്‍ തടഞ്ഞു. തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനിടെ പോലീസുകാരന്‍ അക്ഷയയുടെ ചെകിടത്ത് അടിച്ചതായി പറയുന്നു. സംഭവം കണ്ടുനിന്ന മറ്റു പോലിസുകാര്‍ ഇരുവരെയും പിടിച്ചു മാറ്റിയാണ് സംഘര്‍ഷം അവസാനിപ്പിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പുറത്തിറങ്ങിയ എസ്.എഫ്.ഐ. നേതാക്കള്‍ പാര്‍ട്ടിയുമായി ആലോചിക്കാതെ നേരേ മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ക്ക് ഇ-മെയിലായി പരാതി അയച്ചു. സ്‌റ്റേഷനകത്തേക്ക് അതിക്രമിച്ചുകടക്കാന്‍ ശ്രമിച്ച എസ്.എഫ്.ഐ. പ്രവര്‍ത്തകരെ തടയുക മാത്രമാണുണ്ടായതെന്നാണു പോലീസിന്റെ വിശദീകരണം. സംഭവത്തെക്കുറിച്ച് ജില്ലാ പോലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കി.
മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെ യൂത്ത് കോണ്‍ഗ്രസ് നേതാവും ചൊവ്വന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റുമായ എ.എം. നിധിഷ് സി.സി. ടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയതോടെ പാര്‍ട്ടിയും എസ്.എഫ്.ഐയും വെട്ടിലായി.കുന്നംകുളം പോലീസ് മര്‍ദന കഥ വീണ്ടും തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കുകയെന്ന ദുരുദ്ദേശത്തോടെയാണ് കോണ്‍ഗ്രസ് ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടത്. ഇതോടെ പാര്‍ട്ടി പ്രതിരോധത്തിലായി. തള്ളാനും കൊള്ളാനും വയ്യാതായി പാര്‍ട്ടി നേതൃത്വം




