ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റ്: തന്ത്രിക്ക് പിന്നാലെ മറ്റൊരു പ്രമുഖൻ: വെളിപ്പെടുത്തി ഡിജിപി റവാഡ ചന്ദ്രശേഖർ.

Spread the love

തിരുവനന്തപുരം: കൃത്യമായ തെളിവുകളുടെയും മൊഴികളുടെയും അടിസ്ഥാനത്തിലാണ് ശബരിമല തന്ത്രി കണ്ഠരര് രാജീവരെ അറസ്റ്റ് ചെയ്തതെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ.

video
play-sharp-fill

ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണ സംഘം സുതാര്യമായ അന്വേഷണമാണ് നടത്തുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. അന്വേഷണ സംഘത്തിനുമേല്‍ യാതൊരു സമ്മർദ്ദവും ചെലുത്തിയിട്ടില്ലെന്നും പൂർണസ്വാതന്ത്ര്യത്തോടെയാണ് അന്വേഷണം നടക്കുന്നതെന്നും ഡിജിപി മാദ്ധ്യമങ്ങളോട് പറഞ്ഞു. കൂടുതല്‍ തെളിവുകള്‍ ലഭിക്കുന്നതനുസരിച്ച്‌ ഇനിയും അറസ്റ്റുകള്‍ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് പ്രത്യേക അന്വേഷണ സംഘം കണ്ഠരര് രാജീവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ന് രാവിലെ ആറ്റിങ്ങലിലെ ഗസ്റ്റ് ഹൗസില്‍ വിളിച്ചുവരുത്തിയാണ് തന്ത്രിയെ അന്വേഷണ സംഘം ചോദ്യം ചെയ്തത്. തുടർന്ന് ഈഞ്ചയ്ക്കലിലെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കുന്നതിനുള്ള നടപടികള്‍ പൂർത്തിയാക്കിയശേഷം തന്ത്രിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുമെന്നും തുടർന്ന് കൊല്ലത്തെത്തിക്കുമെന്നും പ്രത്യേക അന്വേഷണ സംഘം അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തന്ത്രിയുടെ അറസ്റ്റില്‍ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാറും മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.ശബരിമലയില്‍ നിന്ന് എന്തെല്ലാം നഷ്ടപ്പെട്ടുവോ അതില്‍ അയ്യപ്പൻമാർക്ക് ദുഃഖം തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ശബരിമല സ്വർണക്കൊള്ളയിലെ അന്വേഷണം ശരിയായ ദിശയിലാണെന്ന് കോടതി തന്നെ വ്യക്തമാക്കിയതാണെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. തന്ത്രി കണ്ഠരര് രാജീവരെ അറസ്റ്റ് ചെയ്ത കാര്യത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അന്വേഷണം ശരിയായ ദിശയില്‍ എന്ന് കോടതി തന്നെ വ്യക്തമാക്കിയതാണ്. തന്ത്രിയെ അറസ്റ്റ് ചെയ്ത കാര്യത്തില്‍ പ്രത്യേകിച്ചൊന്നും പറയാനില്ലെന്നും വ്യത്യസ്ത അഭിപ്രായം ഏതെങ്കിലും ഘട്ടത്തില്‍ ഉണ്ടായാല്‍ അപ്പോള്‍ പറയാമെന്നും മന്ത്രി പ്രതികരിച്ചു.