
തിരുവനന്തപുരം: പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയത് മുതല്‍ ഭരണകാര്യങ്ങളില്‍ ഇരുമ്പുമറ തീര്‍ക്കുന്നു എന്ന ആക്ഷേപം ശക്തമായിരുന്നു.
സിപിഐ മന്ത്രിമാര്‍ ഇക്കാര്യം പലതവണ ഉയര്‍ത്തിയതുമാണ്. ഇപ്പോഴിതാ കൂടുതല്‍ മന്ത്രിമാര്‍ ഈ പരാതിയുമായി രംഗത്തുവന്നു. മന്ത്രിസഭയില്‍ തീരുമാനത്തിനായി എത്തുന്ന സുപ്രധാന ഫയലുകളിലെ വിവരങ്ങള്‍ പോലും തങ്ങള്‍ക്ക് കൃത്യമായി ലഭിക്കുന്നില്ലെന്നാണ് മന്ത്രിമാര്‍ ഉയര്‍ത്തിയ പരാതി. ഭരണസുതാര്യതയെ കുറിച്ച് സര്‍ക്കാര്‍ പറയുമ്ബോഴാണ് ഇപ്പോഴത്തെ നീക്കങ്ങള്‍.
ചീഫ് സെക്രട്ടറി യോഗത്തില്‍ അവതരിപ്പിക്കുമ്ബോഴാണ് പല വിവരങ്ങളും അറിയുന്നത്. അജന്‍ഡയിലെ വിഷയങ്ങള്‍ സംബന്ധിച്ച കടലാസുകളും പരിശോധനയ്ക്കായി ലഭിക്കുന്നില്ല. മന്ത്രിസഭയില്‍ എത്തുന്ന രേഖകളുടെ പകര്‍പ്പ് പലപ്പോഴും ലഭിക്കുന്നതാകട്ടെ തലേന്ന് രാത്രി വളരെ വൈകിയാണ്. ഇതുകാരണം വിഷയങ്ങള്‍ കൃത്യമായി പഠിക്കാന്‍ കഴിയുന്നില്ലെന്നും മന്ത്രിമാര്‍ ചീഫ് സെക്രട്ടറിയെ പരാതി അറിയിച്ചു. പിഎം ശ്രീ പദ്ധതി സംബന്ധിച്ച് മന്ത്രിസഭ അറിയാതെ ഫയല്‍ നീങ്ങിയത് വലിയ വിവാദമായതിന്റെ കൂടി പശ്ചാത്തലത്തിലാണ് മന്ത്രിമാരുടെ പരാതി.
എന്നാല്‍, മന്ത്രിസഭയില്‍ കൃത്യമായി വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ കഴിയാത്തത് വകുപ്പുകളില്‍ നിന്നുള്ള രേഖകള്‍ ലഭിക്കുന്നതിലെ കാലതാമസം കാരണമാണെന്നു വിശദീകരിച്ച് ചീഫ് സെക്രട്ടറി കൈകഴുകി. പിന്നാലെ വകുപ്പു സെക്രട്ടറിമാര്‍ക്ക് കര്‍ശന മുന്നറിയിപ്പു നല്‍കി കഴിഞ്ഞ ബുധനാഴ്ച അദ്ദേഹം കുറിപ്പും നല്‍കി. ഇനി അജന്‍ഡയില്‍ ഉള്‍പ്പെടുത്തേണ്ട വിഷയങ്ങളുടെ ഫയല്‍ മന്ത്രിസഭ ചേരുന്നതിന്റെ തലേന്നു വൈകിട്ട് നാലിനു മുന്‍പ് ലഭ്യമാക്കണമെന്ന് ഈ കുറിപ്പില്‍ പറയുന്നു. മാത്രമല്ല, തലേന്ന് എല്ലാ വകുപ്പു സെക്രട്ടറിമാരും സെക്രട്ടേറിയറ്റില്‍ ഉണ്ടാകണം.
നേരത്തെ പി എം ശ്രീ വിഷയം മന്ത്രിസഭാ യോഗത്തില്‍ അജന്‍ഡയില്‍ ഇല്ലാതിരുന്നിട്ടും എത്തിയത് വിവാദമായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പിഎം ശ്രീ വിഷയത്തില്‍ സിപിഐയുടെ നിലപാട് അറിയിച്ചിരുന്നു. പക്ഷേ, അതൊന്നും വകവയ്ക്കാതെയായിരുന്നു അണിയറയില്‍ കരാറിനു വേണ്ടിയുള്ള നീക്കങ്ങള്‍ നടന്നത്. മുന്‍കാലത്ത് സ്പ്രിന്‍ക്ലര്‍ ഇടപാടും ഇത്തരത്തിലായിരുന്നു. മാത്രമല്ല, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് എം.ശിവശങ്കറെ പുറത്താക്കിയതും മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി അറിയിച്ചിരുന്നില്ല.
ഒന്നേകാല്‍ മണിക്കൂറിലേറെ നീണ്ട 2020 ജൂലൈ 16ലെ മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി പ്രധാനമായി കോവിഡ് പ്രതിരോധ നടപടികളാണു വിശദീകരിച്ചത്.
ശിവശങ്കറിനു പകരം മിര്‍ മുഹമ്മദിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായും മുഹമ്മദ് സഫിറുല്ലയെ ഐടി സെക്രട്ടറിയായും നിയമിച്ചതും മന്ത്രിസഭയെ അറിയിച്ചില്ല. ശിവശങ്കര്‍ സ്വര്‍ണക്കള്ളക്കടത്തു കേസില്‍ അന്വേഷണം നേരിടുന്നതു മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യേണ്ട വിഷയമല്ലെന്നായിരുന്നു പിന്നീട് മുഖ്യമന്ത്രിയുടെ മറുപടി.
സ്പ്രിന്‍ക്ലര്‍ കരാറില്‍ ഇടതു നയം കാത്തു സൂക്ഷിക്കാന്‍ സംസ്ഥാനത്ത് അധികാരത്തില്‍ ഇരിക്കുന്ന ഇടതു മുന്നണി സര്‍ക്കാരിന് ഉത്തരവാദിത്തം ഉണ്ടെന്ന നിലപാടിലായിരുന്നു സിപിഐ കേന്ദ്ര നേതൃത്വം. അന്ന് ജനറല്‍ സെക്രട്ടറി എ. രാജയുടെ പിന്തുണയോടെയാണ് കാനം വിഷയത്തില്‍ ഇടപെട്ടത്. ഇന്നും രാജയുടെ പിന്തുണ സംസ്ഥാന നേതൃത്വത്തിനുണ്ട്.
സ്പ്രിന്‍ക്ലര്‍ വിവാദത്തില്‍ കേരളത്തിലെ പാര്‍ട്ടിയില്‍നിന്നു ലഭിച്ച വിശദീകരണം സിപിഎം കേന്ദ്ര നേതൃത്വം അന്നു തള്ളിക്കളഞ്ഞിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ നിലപാടാണ് പാര്‍ട്ടിയുടെ കേരള ഘടകം അന്ന് കേന്ദ്ര നേതൃത്വത്തെ അറിയിച്ചത്. അതു മതിയാവില്ലെന്നും പാര്‍ട്ടിയുടെ നിലപാടു വ്യക്തമാക്കണമെന്നും കേന്ദ്ര നേതൃത്വം നിര്‍ദേശിക്കുകയായിരുന്നു.
സിപിഐ ഭരിക്കുന്ന വകുപ്പുകളില്‍ അവര്‍ അറിയാതെ നിയമനങ്ങള്‍ നടക്കുന്നതായും മന്ത്രിസഭാ യോഗത്തില്‍ സുപ്രധാന കാര്യങ്ങള്‍ പലതും ചര്‍ച്ച ചെയ്യാറില്ലെന്നും മന്ത്രിമാര്‍ക്കു പരാതിയുണ്ട്. ഒന്നാം പിണറായി മന്ത്രിസഭയിലേതു പോലെ എതിര്‍പ്പ് അറിയിക്കാന്‍ സിപിഐ മന്ത്രിമാര്‍ക്കു കഴിയാറില്ലെന്നു പാര്‍ട്ടിക്കുള്ളില്‍ തന്നെ ആരോപണമുണ്ട്. മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീര്‍ വാഹനമിടിച്ചു കൊല്ലപ്പെട്ട കേസിലെ പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനെ സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ ജനറല്‍ മാനേജരായി നിയമിച്ചതില്‍ മന്ത്രി ജി.ആര്‍.അനില്‍ രേഖാമൂലം മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ചിരുന്നു. ആരോപണവിധേയനായ ഉദ്യോഗസ്ഥനെ തന്നോട് ആലോചിക്കാതെ നിയമിച്ച നടപടിയിലായിരുന്നു മന്ത്രിക്ക് അതൃപ്തി. സിപിഐ വകുപ്പുകളില്‍ വേണ്ടത്ര പണം ലഭിക്കുന്നില്ലെന്നായിരുന്നു മറ്റൊരു പരാതി.




