
കാസർഗോഡ്: സിപിഎം പ്രാദേശിക നേതാവ് കഴിഞ്ഞ മൂന്നുപതിറ്റാണ്ടായി തന്നെ ലൈംഗികമായി പീഡിപ്പിക്കുന്നെന്ന പരാതിയുമായി വീട്ടമ്മ.
എന്മകജെ പെർളയിലെ എസ്.സുധാകരക്കെതിരേയാണു ഗുരുതര ആരോപണങ്ങളുമായി വീട്ടമ്മ രംഗത്തെത്തിയത്.
സംസ്ഥാന പോലീസ് മേധാവിക്ക് തെളിവുകൾ സഹിതം യുവതി പരാതി നല്കി. എന്മകജെ പഞ്ചായത്തിലെ മൂന്നാംവാര്ഡായ മല്ലെമൂലയിലെനിന്നുള്ള സിപിഎം മെംബറാണ് സുധാകര. ഒരു കൊലക്കേസില് ജീവപര്യന്തം തടവിനും ശിക്ഷിക്കപ്പെട്ടിരുന്നു. എയ്ഡഡ് പ്രൈമറി സ്കൂള് അധ്യാപകന്കൂടിയായ സുധാകര അടുത്തവര്ഷം സർവീസില്നിന്നു വിരമിക്കാനിരിക്കുകയാണ്.
1995 മുതലാണ് സുധാകര തന്നെ പീഡിപ്പിക്കാന് തുടങ്ങിയതെന്ന് വീട്ടമ്മ ആരോപിച്ചു. അപ്പോൾ അദ്ദേഹത്തിന് 24 വയസായിരുന്നു. ‘തുടക്കത്തില്, എന്നെ വിവാഹം കഴിക്കുമെന്നു വാഗ്ദാനം ചെയ്ത് അയാള് എന്നെ ഉപയോഗിച്ചു. പിന്നീട്, അയാള് മറ്റൊരാളെ വിവാഹം കഴിച്ചു. എന്റെ വിവാഹവും കഴിഞ്ഞിരുന്നു. പക്ഷേ എന്നെ അപമാനിക്കുമെന്നു ഭീഷണിപ്പെടുത്തി പീഡിപ്പിക്കുന്നതു തുടര്ന്നു. സ്വന്തം നഗ്നവീഡിയോകള് എന്റെ ഫോണിലേക്ക് അയച്ചു. ഭര്ത്താവിനെ ഉപേക്ഷിച്ച് തന്റെ പക്കലേക്ക് വരണമെന്നും അല്ലാത്തപക്ഷം ഭര്ത്താവിനെ ഉപദ്രവിക്കുമെന്നും പറഞ്ഞു. അയാള് പറഞ്ഞതുപോലെ ചെയ്യുമെന്ന് അറിയാവുന്നതുകൊണ്ടാണ് പരാതി നല്കിയത്. ’അവര് പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കൊലക്കേസില് സുധാകര ജയിലില് കഴിഞ്ഞ ആറുവര്ഷം മാത്രമാണ് താന് സമാധാനത്തോടെ ജീവിച്ചതെന്നും അവര് കൂട്ടിച്ചേര്ത്തു. കുട്ടികളെയും സഹപ്രവര്ത്തകരെയുമടക്കം നിരവധി പേരെ ഇയാള് ലൈംഗികചൂഷണത്തിനിരയാക്കിയിട്ടുണ്ടെന്ന് വീട്ടമ്മ ആരോപിച്ചു. സുധാകരയെ കാട്ടുകുക്കെ ലോക്കല് കമ്മിറ്റിയില്നിന്നു പുറത്താക്കിയതായി സിപിഎം കുമ്ബള ഏരിയ സെക്രട്ടറി സി.എ.സുബൈര് പറഞ്ഞു.
അബ്ദുൾ ജബ്ബാര് വധക്കേസ്
എന്മകജെ പഞ്ചായത്തിലും സിപിഎമ്മും കോണ്ഗ്രസും തമ്മില് നടന്നിരുന്ന ചെറുസംഘര്ഷങ്ങള് അവസാനിച്ചത് യൂത്ത് കോണ്ഗ്രസ് നേതാവ് അബ്ദുള് ജബ്ബാറിന്റെ (26) കൊലപാതകത്തിലാണ്.
കന്നട മേഖലയിലെ പ്രമുഖ കോണ്ഗ്രസ് നേതാവും നിലവില് ജില്ലാ പഞ്ചായത്തംഗവുമായിരുന്ന ജെ.എസ്. സോമശേഖരയുടെ ഡ്രൈവര് ആയിരുന്നു ജബ്ബാര്. സോമശേഖരയുടെ വിവാഹത്തലേന്ന് 2009 നവംബര് മൂന്നിനാണ് ജബ്ബാറിനെ സിപിഎമ്മുകാര് വെട്ടിക്കൊലപ്പെടുത്തുന്നത്. പെര്ള ഏരിയ സെക്രട്ടറിയായിരുന്ന സുധാകരയുടെ വീടിനുനേരേ ആക്രമണമുണ്ടായതിനു പിന്നാലെയാണ് ജബ്ബാറിന്റെ കൊലപാതകം.
കേസില് ഗൂഢാലോചന നടത്തിയതിന് 2012 മാര്ച്ചില് കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി സുധാകരയെ ജീവപര്യന്തം തടവിനു ശിക്ഷിച്ചു. എന്നാല് 2018 ഏപ്രിലില് ഹൈക്കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി. ജയിലില് നിന്നിറങ്ങിയ ശേഷം സുധാകര രാഷ്ട്രീയത്തില് സജീവമായിരുന്നില്ല. പക്ഷേ ഇത്തവണത്തെ തദ്ദേശതെരഞ്ഞെടുപ്പില് മത്സരിച്ച സുധാകര വിജയിച്ചു.സുധാകരയെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിക്കെതിരേ സോമശേഖരയും സഹോദരന് രാധാകൃഷ്ണനായിക്കും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്




