
കൊച്ചി: കൈക്കൂലി ആരോപണം നേരിട്ട എന്‍ഫോഴ്സ്മെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ പി. രാധാകൃഷ്ണനെ സര്‍വീസില്‍ നിന്ന് നീക്കി കേന്ദ്ര ധനകാര്യ മന്ത്രാലയം.
ആരോപണം നേരിട്ട ഉദ്യോഗസ്ഥന് നിര്‍ബന്ധിത വിരമിക്കല്‍ എന്ന നിര്‍ദേശമാണ് കേന്ദ്രം മുന്നോട്ടുവെച്ചിരിക്കുന്നത്. കേന്ദ്ര ധനകാര്യ മന്ത്രാലയം ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കി.
അതിന്റെ അടിസ്ഥാനത്തിലാണ് സെക്ഷന്‍ 56 ജെ പ്രകാരമുള്ള നടപടി എടുത്തിരിക്കുന്നത്.
നയതന്ത്ര സ്വര്‍ണ കള്ളക്കടത്ത് കേസ് അടക്കം അന്വേഷിച്ച ഉദ്യോഗസ്ഥനാണ് പി. രാധാകൃഷ്ണന്. എം. ശിവശങ്കരന്റെ അറസ്റ്റിനടക്കം നേതൃത്വം നല്കിയ ഉദ്യോഗസ്ഥനാണ്. കേസിന്റെ അന്വേഷണത്തിലെ പിന്നീടുള്ള ചില ഘട്ടങ്ങളില്‍ ഒത്തുതീര്‍പ്പിനുള്ള ശ്രമങ്ങള്‍ നടന്നിരുന്നു എന്നതടക്കമുള്ള ആക്ഷേപം ഉയര്‍ന്നിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ബിജെപി ഉള്‍പ്പെടെ ഈ ആക്ഷേപം ഉയര്‍ത്തിയിരുന്നു.
മറ്റുചില സുപ്രധാന കേസുകളിലും പി. രാധാകൃഷ്ണന് അസാധാരണവും വഴിവിട്ടതുമായ ഇത്തരം ഇടപെടലുകള്‍ നടത്തിയിട്ടുണ്ട് എന്ന ആരോപണവും ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് അദ്ദേഹത്തെ ചെന്നൈയിലേക്ക് സ്ഥലം മാറ്റിയത്.
പിന്നീട് വീണ്ടും അദ്ദേഹം കൊച്ചിയില്‍ ചാര്‍ജെടുക്കുകയായിരുന്നു. ഇതിനിടയിലാണ് കശുവണ്ടി വ്യവസായി ആയ അനീഷ് ബാബു ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ കൈക്കൂലി ആരോപണവുമായി മുന്നോട്ടുവന്നത്.
അനീഷ് ബാബു ഉന്നയിച്ച പേരുകളില്‍ പി. രാധാകൃഷ്ണനും ഉണ്ടായിരുന്നുവെങ്കിലും പിന്നീട് അദ്ദേഹത്തിന്റെ പേര് തിരുത്തപ്പെട്ടിരുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട് ഇഡിയില്‍ ആഭ്യന്തര അന്വേഷണം നടന്നുവരികയായിരുന്നു. പി. രാധാകൃഷ്ണെ ജമ്മു കശ്മീരിലെ ശ്രീനഗറിലേക്ക് സ്ഥലംമാറ്റിക്കൊണ്ടുള്ള നടപടി വന്ന് നാളുകള്‍ക്ക് ശേഷമാണ് ഇപ്പോള്‍ അദ്ദേഹത്തെ പുറത്താക്കിക്കൊണ്ടുള്ള ഇഡി നടപടി വന്നിരിക്കുന്നത്.



