
ആലുവ: ഫോറക്സ് ട്രേഡിങ്ങിലൂടെ വൻ ലാഭം വാഗ്ദാനം ചെയ്ത് കൂവപ്പടി ചേരാനല്ലൂർ സ്വദേശിയിൽ നിന്നു 41,21,514 രൂപ തട്ടിയ കേസിൽ കാസർകോട് ഇരിയാൻ പള്ളം വീട്ടിൽ മുഹമ്മദ് ഹബീബ് റഹ്മാനെ (25) റൂറൽ ജില്ലാ സൈബർ പൊലീസ് അറസ്റ്റ് ചെയ്തു.
2024 ഒക്ടോബർ മുതൽ ഡിസംബർ വരെ വിവിധ ബാങ്ക് അക്കൗണ്ടുകളിൽ നടത്തിയ 10 ഇടപാടുകളിലൂടെയാണ് ഇത്രയും തുക കബളിപ്പിച്ചത്. ഇതിനിടെ നിക്ഷേപകനു 1,11,552 രൂപ ലാഭവിഹിതം നൽകി. പിന്നീടു മുതലും ലാഭവും കൊടുത്തില്ല. പരാതിക്കാരനു പ്രതിയുടെ യഥാർഥ പേരു പോലും അറിയില്ലായിരുന്നു.
വിദേശത്തായിരുന്ന പ്രതി കോഴിക്കോട് വിമാനത്താവളത്തിൽ ഇറങ്ങിയപ്പോഴാണ് പിടിയിലായത്. നേരത്തേ തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ആൻസോ ക്യാപ്പിറ്റൽ കമ്പനിയുടെ പ്രതിനിധി എന്ന വ്യാജേന സമൂഹമാധ്യമം വഴിയാണ് പ്രതി ചേരാനല്ലൂർ സ്വദേശിയെ പരിചയപ്പെട്ടത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ചാണ് പൊലീസ് പ്രതിയെ കണ്ടെത്തിയത്. ഇൻസ്പെക്ടർ വി.ആർ. ജഗദീഷ്, എസ്ഐമാരായ സി.കെ. രാജേഷ്, ടി.കെ. വർഗീസ്, എഎസ്ഐ ടി.കെ. സലാവുദ്ദീൻ, സീനിയർ സിപിഒ പി.കെ. ദിനേശൻ, സിപിഒമാരായ ജെറി കുര്യാക്കോസ്, ആൽബിൻ പീറ്റർ എന്നിവരാണ് കേസ് അന്വേഷിച്ചത്.




