
ആഗ്ര: മുഗള്‍ ചക്രവർത്തി ഷാജഹാന്റെ 371ാമത് ഉറൂസിനോട് അനുബന്ധിച്ച് താജ് മഹലില്‍ സഞ്ചാരികള്‍ക്ക് സൗജന്യ പ്രവേശനം അനുവദിക്കുന്നു.
ജനുവരി 15, 16, 17 തീയതികളിലാണ് സന്ദർശകർക്ക് ടിക്കറ്റെടുക്കാതെ താജ് മഹല്‍ കാണാൻ അവസരം ലഭിക്കുക. ഷാജഹാൻ്റെയും മുംതാസിന്റെയും യഥാർത്ഥ കബറിടങ്ങള്‍ സ്ഥിതി ചെയ്യുന്ന ഭൂഗർഭ അറ പൊതുജനങ്ങള്‍ക്കായി ഈ ദിവസങ്ങളില്‍ തുറന്നുകൊടുക്കും.
വർഷത്തിലൊരിക്കല്‍ ഉറൂസ് ദിനങ്ങളില്‍ മാത്രമാണ് സന്ദർശകർക്ക് ഈ കബറിടങ്ങള്‍ കാണാൻ അനുവാദമുള്ളത്.
ജനുവരി 15, 16 തീയതികളില്‍ ഉച്ചയ്ക്ക് 2 മണി മുതലും ജനുവരി 17 ന് മുഴുവൻ ദിവസവും താജ് മഹല്‍ സൗജന്യമായി കാണാം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എല്ലാ വർഷവും ഉറൂസിൻ്റെ ഭാഗമായാണ് ഈ സൗജന്യ പ്രവേശനം ഒരുക്കുന്നത്. സാധാരണ താജ് മഹല്‍ കോമ്പൗണ്ടില്‍ പ്രവേശിക്കാൻ 50 രൂപയും, താജ് മഹലിന് അകത്ത് കടക്കാൻ 200 രൂപയുമാണ് ഇന്ത്യാക്കാർക്കുള്ള ടിക്കറ്റ് നിരക്ക്. ഭൂട്ടാൻ, ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക, മ്യാൻമർ, തായ്ലൻഡ് രാജ്യങ്ങളിലെയും സാർക് രാജ്യങ്ങളിലെയും പൗരന്മാർക്ക് 540 രൂപയാണ് താജ് മഹല്‍ കോമ്പൗണ്ടില്‍ പ്രവേശിക്കാൻ ടിക്കറ്റ് നിരക്ക്.
മറ്റ് വിദേശരാജ്യങ്ങളില്‍ നിന്നുള്ളവർക്ക് 1100 രൂപയാണ് നിരക്ക്. എല്ലാ വിദേശികള്‍ക്കും താജ് മഹലിന് അകത്ത് കടക്കാൻ 200 രൂപയാണ് നിരക്ക്. സൗജന്യ പ്രവേശനം അനുവദിച്ചിട്ടുള്ള സമയങ്ങളില്‍ ഇന്ത്യാക്കാർക്കും വിദേശികള്‍ക്കും ടിക്കറ്റ് വിൻഡോയില്‍ പോകാതെ നേരിട്ട് പ്രവേശിക്കാവുന്നതാണ്.



