
വയനാട്: പ്രസവം കഴിഞ്ഞ് രണ്ടര മാസത്തിന് ശേഷം യുവതിയുടെ ശരീരത്തിൽ നിന്ന് തുണിക്കഷ്ണം പുറത്തുവന്നു.മാനന്തവാടി ഗവൺമെന്റ് മെഡിക്കൽ കോളേജിനെതിരെ ഗുരുതരമായ ചികിത്സാ പിഴവ് ആരോപണം. മാനന്തവാടി സ്വദേശിനിയായ ദേവി (21) ആണ് ആശുപത്രി അധികൃതരുടെ അനാസ്ഥയ്ക്കിരയായത്.
കഴിഞ്ഞ ഒക്ടോബറിലായിരുന്നു യുവതിയുടെ പ്രസവം നടന്നത്. പ്രസവത്തിന് ശേഷം അസഹ്യമായ വയറുവേദനയും ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ടതിനെ തുടർന്ന് യുവതി രണ്ടുതവണ മെഡിക്കൽ കോളേജിൽ ചികിത്സ തേടിയെത്തിയിരുന്നു.
എന്നാൽ കൃത്യമായ പരിശോധന നടത്താൻ ഡോക്ടർമാർ തയ്യാറായില്ലെന്നും മരുന്ന് നൽകി മടക്കി അയക്കുകയുമായിരുന്നുവെന്ന് കുടുംബം ആരോപിക്കുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ മാസം 29-നാണ് യുവതിയുടെ ശരീരത്തിൽ നിന്നും തുണിക്കഷ്ണം പുറത്തുവന്നത്. ഇതോടെയാണ് ദുരൂഹമായ ശാരീരിക വേദനയുടെ കാരണം വ്യക്തമായത്. ശസ്ത്രക്രിയയ്ക്കിടെയോ പ്രസവാനന്തര ശുശ്രൂഷയ്ക്കിടെയോ തുണിക്കഷ്ണം ശരീരത്തിനുള്ളിൽ മറന്നുവെച്ചു.
വേദനയുമായി എത്തിയപ്പോൾ സ്കാനിംഗോ മറ്റ് വിദഗ്ധ പരിശോധനകളോ നടത്താതെ രോഗിയെ മടക്കി അയച്ചു. തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് ആശുപത്രിയ്ക്കെതിരെ യുവതി ഉന്നയിക്കുന്നത്.
സംഭവത്തിൽ മെഡിക്കൽ കോളേജ് സൂപ്രണ്ടിനും ആരോഗ്യ മന്ത്രിക്കും യുവതി പരാതി നൽകിയിട്ടുണ്ട്. കുറ്റക്കാരായ ആരോഗ്യ പ്രവർത്തകർക്കെതിരെ കർശന നടപടി വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.



