ബിജെപി സഖ്യകക്ഷിയെന്ന ‘ചീത്തപ്പേര്’ ഇനിയില്ല;എന്‍ഡിഎ ബന്ധം അറുത്തെറിഞ്ഞ് കേരള ജെഡിഎസ്; പുതിയ പാര്‍ട്ടി പ്രഖ്യാപനം നാളെ; ചിറ്റൂരിലും തിരുവല്ലയിലും പുതിയ ചിഹ്നത്തില്‍ പോരാട്ടം; ജെഡിഎസിന് കേരളത്തിലുള്ളത് എംഎല്‍എമാർ; തിരുവല്ലയില്‍ നിന്നുള്ള മാത്യു ടി തോമസും ചിറ്റൂരില്‍ നിന്നുള്ള മന്ത്രി കെ. കൃഷ്ണന്‍കുട്ടിയും

Spread the love

തിരുവനന്തപുരം: ജനതാദള്‍ (എസ്) കേരള ഘടകം പുതിയ പാര്‍ട്ടി രൂപീകരിച്ചു. ദേശിയ ഘടകം എന്‍ഡിഎ ഘടകക്ഷിയായതോടെയാണ് കേരളഘടകത്തിന്‍റെ തീരുമാനം. പുതിയ പാര്‍ട്ടി പ്രഖ്യാപനം നാളെ നടക്കും. രണ്ട് എംഎല്‍എമാരാണ് ജെഡിഎസിന് കേരളത്തിലുള്ളത്. തിരുവല്ലയില്‍ നിന്നുള്ള മാത്യു ടി തോമസും ചിറ്റൂരില്‍ നിന്നുള്ള മന്ത്രി കെ. കൃഷ്ണന്‍കുട്ടിയും.

video
play-sharp-fill

2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പോടെയാണ് എച്ച്‌.ഡി. ദേവഗൗഡയുടെ നേതൃത്വത്തിലുള്ള ജെഡിഎസ് ദേശീയതലത്തില്‍ എന്‍ഡിഎയുടെ ഭാഗമാകുന്നത്. കര്‍ഷക നേതാവെന്ന് അവകാശപ്പെട്ടിരുന്ന കുമാരസ്വാമി മോദി മന്ത്രിസഭയില്‍ കാബിനറ്റ് മന്ത്രിയായതോടെ കേരളത്തിലെ നേതാക്കളായ മന്ത്രി കെ. കൃഷ്ണന്‍കുട്ടിയും മാത്യു ടി. തോമസും വലിയ രാഷ്ട്രീയ പ്രതിസന്ധിയിലായി. ബിജെപി സഖ്യകക്ഷിയായ പാര്‍ട്ടിയുടെ എംഎല്‍എമാര്‍ എങ്ങനെ എല്‍ഡിഎഫില്‍ തുടരുന്നു എന്നതായിരുന്നു യുഡിഎഫിന്റെ പ്രധാന ആയുധം.

പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം സിപിഎം നേതൃത്വം ജെഡിഎസിന് സംരക്ഷണമൊരുക്കിയിരുന്നു. എന്നാല്‍ സാങ്കേതികമായി ബിജെപി സഖ്യത്തിനൊപ്പം നില്‍ക്കുന്ന പാര്‍ട്ടി ചിഹ്നമായ ‘കറ്റയേന്തിയ കര്‍ഷകസ്ത്രീ’യില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടി വന്നത് നേതാക്കള്‍ക്ക് വലിയ തിരിച്ചടിയായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ പശ്ചാത്തലത്തിലാണ് നിയമപരമായ തടസ്സങ്ങള്‍ നീക്കി പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ മാത്യു ടി തോമസിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന ഘടകം തീരുമാനിച്ചത്.

പുതിയ പാര്‍ട്ടി നിലവില്‍ വരുന്നതോടെ കേരളത്തിലെ രണ്ട് എംഎല്‍എമാരും പുതിയ ബാനറിലേക്ക് മാറും. ഇതിലൂടെ ഇടത് മുന്നണിയിലെ രാഷ്ട്രീയമായ ആശയക്കുഴപ്പങ്ങള്‍ അവസാനിക്കും. പുതിയ പേരും കൊടിയും ചിഹ്നവുമായിട്ടായിരിക്കും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ പാര്‍ട്ടി നേരിടുക