
തിരുവനന്തപുരം: അർഹരായ മുഴുവൻ ആളുകളെയും വോട്ടേഴ്സ് ലിസ്റ്റില്‍ ഉള്‍പ്പെടുത്താനായി സൗജന്യസേവനവുമായി സർക്കാർ. മതിയായ രേഖകള്‍ കൈവശമില്ലാത്തവർക്ക് രേഖകള്‍ നല്‍കാൻ നടപടി സ്വീകരിക്കണമെന്ന് ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നല്‍കി. രേഖകള്‍ കിട്ടാൻ ഒരു ഫീസും ഈടാക്കുന്നതല്ല. ഏതെങ്കിലും ഫീസ് ഉണ്ടെങ്കില്‍ അത് ഈ കാലയളവില്‍ ഒഴിവാക്കുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്.
വോട്ടർപട്ടികയില്‍ പേര് ഉള്‍പ്പെടുത്തുന്നതിന് ഹെല്‍പ്പ് ഡെസ്കുകള്‍ പ്രാദേശികാടിസ്ഥാനത്തില്‍ സ്ഥാപിക്കുന്നതിന് മന്ത്രിസഭാ യോഗം നേരത്തെ തീരുമാനിച്ചിട്ടുണ്ട്. ഹിയറിങ്ങ് കേന്ദ്രങ്ങളില്‍ ആവശ്യമെങ്കില്‍ വോളന്റിയർമാരുടെ സേവനവും മതിയായ ഹിയറിംഗ് ഉദ്യോഗസ്ഥരുടെ സേവനവും ഉറപ്പുവരുത്തും.
പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈനായി ഫോമുകള്‍ സമർപ്പിക്കുന്നതിനുള്ള സൗകര്യം എല്ലാ സഹായ കേന്ദ്രങ്ങളിലും സജ്ജീകരിക്കും. അക്ഷയ സെന്ററുകള്‍ ഈടാക്കുന്ന ഫീസ് ലഘൂകരിക്കാന്‍ ഐടി വകുപ്പിന് നിർദേശം നല്‍കിയിട്ടുണ്ട്. ബൂത്ത് ലെവല്‍ ഓഫീസർമാരെ നിയോഗിക്കാത്തതോ ഒഴിവുള്ളതോ ആയ പോളിംഗ് സ്റ്റേഷനുകളില്‍ രണ്ടു ദിവസത്തിനകം തന്നെ നിയമനം നടത്തണമെന്നും നിർദ്ദേശമുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇആർഒ, എഇആർഒ, അഡീഷണല്‍ എഇആർഒ തസ്തികകളില്‍ വിരമിക്കല്‍ മുഖേന ഉണ്ടാകുന്ന ഒഴിവുകള്‍ ഉടനടി നികത്തുകയും, പകരം ആളെ നിയമിക്കുന്ന മുറയ്ക്ക് മാത്രം LPR (വിരമിക്കുന്നതിനു മുൻപുള്ള അവധി) അനുവദിക്കുകയും ചെയ്യേണ്ടതാണ്. ഇക്കാലയളവില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം നടത്താൻ പാടില്ല എന്നും സർക്കാർ നിർദേശിച്ചിട്ടുണ്ട്.
കെ-സ്മാര്‍ട്ട് വഴി ലഭ്യമാകേണ്ട സര്‍ട്ടിഫിക്കറ്റുകള്‍ക്ക് കാലതാമസം നേരിടുന്നെങ്കില്‍ അത് നേരിട്ട് പഞ്ചായത്ത് മുഖേന ലഭ്യമാക്കുന്ന കാര്യം പരിശോധിക്കുവാന്‍ തദ്ദേശസ്വയംഭരണ വകുപ്പിനോട് ആവശ്യപ്പെട്ടു. ക്യാമ്ബുകളില്‍ ഒരു കെ-സ്മാര്‍ട്ട് ഹെല്‍പ്പ് ഡെസ്ക് സജ്ജമാക്കുവാന്‍ സർക്കാർ നിര്‍ദ്ദേശം നല്‍കി. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേർന്ന യോഗം ഇക്കാര്യങ്ങള്‍ വിശദമായി പരിശോധിക്കുകയും ആവശ്യമായ നടപടികള്‍ക്ക് ബന്ധപ്പെട്ട എല്ലാവർക്കും നിർദ്ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.







