
ചണ്ഡീഗഢ്: പാകിസ്താനുവേണ്ടി ചാരവൃത്തി നടത്തിയതിന് ജമ്മു സ്വദേശിയായ പതിനഞ്ചുകാരൻ പഞ്ചാബിൽ അറസ്റ്റിൽ. പത്താൻകോട്ട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടി അറസ്റ്റിലായത്. കേസുമായി ബന്ധപ്പെട്ട് കൂടുതൽ കുട്ടികൾ നിരീക്ഷണത്തിലാണ് എന്നും പോലീസ് വ്യക്തമാക്കി.
പാകിസ്താന്റെ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐ ചാരവൃത്തിക്കായി ഇന്ത്യയിൽനിന്നും കുട്ടികളെയും റിക്രൂട്ട് ചെയ്യാൻ ശ്രമിക്കുന്നു എന്നത് ആശങ്കയുളവാക്കുന്നതായി അധകൃതർ പറയുന്നു. അറസ്റ്റിലായ കുട്ടി ഒരു വർഷമായി പാകിസ്താനിലുള്ള ഐഎസ്ഐ ഏജന്റുമാരുമായി ബന്ധം പുലർത്തിയിരുന്നതായി പോലീസ് കണ്ടെത്തി.
ജമ്മുവിലെ സാമ്പാ ജില്ലക്കാരനായ കുട്ടിയെ പാകിസ്താനിലുള്ള ഐഎസ്ഐ ഏജന്റുമാരുമായി ബന്ധിപ്പിക്കുന്ന നിരീക്ഷണ, സാങ്കേതിക വിശകലനങ്ങൾക്ക് ശേഷമാണ് കസ്റ്റഡിയിലെടുത്തത്. മൊബൈൽ ഫോൺ വഴി ഇന്ത്യയെക്കുറിച്ചുള്ള പ്രധാനപ്പെട്ടതും അതീവ രഹസ്യ സ്വഭാവമുള്ളതുമായ വിവരങ്ങൾ കുട്ടി പങ്കുവെച്ചിരുന്നതായും പോലീസ് പറയുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കുട്ടിയെ വിശദമായ ചോദ്യംചെയ്തതിൽ നിന്നും, ഈ കുട്ടി ഒറ്റയ്ക്കല്ല പ്രവർത്തിച്ചിരുന്നതെന്ന് പോലീസ് കണ്ടെത്തി. പഞ്ചാബിലെ വിവിധ ജില്ലകളിൽ നിന്നുള്ള മറ്റ് കുട്ടികളും ഐഎസ്ഐയുമായി ബന്ധം പുലർത്തുന്നതായി പോലീസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു. പഞ്ചാബിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും ജാഗ്രത പാലിക്കാനും സമാനമായി പാകിസ്താന്റെ വലയിൽപെട്ടതായി സംശയം തോന്നുന്ന കുട്ടികളെ കണ്ടെത്താനും നിർദ്ദേശം നൽകിയിട്ടുണ്ട്.




