
തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് ഒറ്റഘട്ടമായി ഏപ്രിലില്‍ രണ്ടാംവാരത്തോടെ നടന്നേക്കുമെന്ന് റിപ്പോർട്ട്.
കേരളമുള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് മേയ് ഏഴിന് മുൻപായി നടത്തേണ്ടതുണ്ട്. തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ സംബന്ധിച്ച പ്രാഥമിക വിലയിരുത്തലിനായി തിങ്കളാഴ്ച ചർച്ച നടത്തിയിരുന്നു.
അഞ്ച് സംസ്ഥാനങ്ങളിലെയും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർമാരുമായി കേന്ദ്ര ഡെപ്യൂട്ടി തിരഞ്ഞെടുപ്പ് കമ്മിഷണറാണ് ചർച്ച നടത്തിയത്. കേരളം, തമിഴ്‌നാട്, പുതുച്ചേരി, പശ്ചിമബംഗാള്‍, അസം എന്നിവിടങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി സംസ്ഥാനങ്ങളിലെ ക്രമസമാധാനപാലനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പ്രധാനമായും ചർച്ച ചെയ്തത്.
2023-ല്‍ തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തിറക്കിയ മാനദണ്ഡമനുസരിച്ചുള്ള കേന്ദ്രസേനയെ തെരഞ്ഞെടുപ്പ് സമയത്ത് അനുവദിക്കണമെന്നാണ് കേരളത്തിന് വേണ്ടി ചർച്ചയില്‍ ഹാജരായ സിഇഒ രത്തൻ യു ഖേല്‍ക്കർ ആവശ്യപ്പെട്ടത്. ഫെബ്രുവരി ആദ്യം മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ്‌കുമാർ, കമ്മിഷണർമാരായ ഡോ. സുഖ്‌വിന്ദർ സിങ് സന്ധു, ഡോ. വിവേക് ജോഷി എന്നിവർ അഞ്ച് സംസ്ഥാനത്തും പര്യടനം നടത്തിയേക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയുടെ ക്ഷീണം നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ ബാധിക്കുമോ എന്നതാണ് ഭരണപക്ഷത്തിനെ സംബന്ധിച്ചുള്ള ഏറ്റവും വലിയ വെല്ലുവിളി. എന്നാല്‍ പറ്റിയ തെറ്റുകള്‍ മനസ്സിലാക്കി പടപൊരുതാനുള്ള തയ്യാറെടുപ്പിലാണ് പാർട്ടി നേതൃത്വം. ഭരണപക്ഷവും പ്രതിപക്ഷവും ബിജെപിയും ചേർന്നുള്ള ശക്തമായ പോരാട്ടമാണ് ഇക്കുറി കേരളം കാണാനിരിക്കുന്നത്.



