
മലപ്പുറം:ലോട്ടറിയുടെ മറപിടിച്ച് നഗരങ്ങളിലും നാട്ടിൻപുറങ്ങളിലും എഴുത്ത് ലോട്ടറിയിലൂടെ ഒഴുകുന്നത് ആയിരങ്ങൾ. സംസ്ഥാന ലോട്ടറി ടിക്കറ്റിന് 40 രൂപയാണ് ചെലവെങ്കിൽ എഴുത്ത് ലോട്ടറിക്ക് വെറും 10 രൂപ മതി.
പൊന്നാനിയിലും പരിസര പ്രദേശങ്ങളിലും സമാന്തര ലോട്ടറി ഇടപാടുകൾ വ്യാപകമാകുന്നു. വെറും 10 രൂപയ്ക്ക് പതിനായിരങ്ങൾ സമ്മാനം ലഭിക്കുമെന്ന വ്യാജ വാഗ്ദാനവുമായാണ് ‘എഴുത്ത് ലോട്ടറി’, ‘ഒറ്റ നമ്പർ ലോട്ടറി’ സംഘങ്ങൾ പ്രവർത്തിക്കുന്നത്.
സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തുവിടുന്ന ഔദ്യോഗിക ഫലത്തിലെ ഒന്നാം സമ്മാനത്തിൻ്റെ അവസാന മൂന്നക്കങ്ങൾ പ്രവചിച്ചാണ് ഈ ചൂതാട്ടം നടക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സാധാരണക്കാർക്ക് താങ്ങാവുന്ന 10 മുതൽ 20 രൂപ വരെയാണ് ഒരു നമ്പറിന് ഈടാക്കുന്നത്.മൂന്നക്കങ്ങൾ കൃത്യമായി പ്രവചിക്കുന്നവർക്ക് 5,000 രൂപ മുതൽ 50,000 രൂപ വരെ ലഭിക്കുമെന്ന് സംഘങ്ങൾ അവകാശപ്പെടുന്നു.
കടലാസിൽ നമ്പറുകൾ എഴുതി നൽകുന്നതിന് പുറമെ, ഇപ്പോൾ പ്രത്യേക മൊബൈൽ ആപ്പുകൾ വഴിയും രഹസ്യ വാട്സാപ്പ് ഗ്രൂപ്പുകൾ വഴിയുമാണ് ഇടപാടുകൾ നടക്കുന്നത്.
അന്യസംസ്ഥാന ലോട്ടറികൾക്ക് കേരളത്തിൽ നിരോധനം വന്നതോടെയാണ് ഇത്തരം സമാന്തര ലോട്ടറികൾ സജീവമായത്. സാധാരണ ലോട്ടറിയേക്കാൾ കുറഞ്ഞ തുകയ്ക്ക് കൂടുതൽ ലാഭം കിട്ടുമെന്ന പ്രതീക്ഷയിൽ ലോട്ടറി ഏജൻസികളുടെ മറവിലും തീരദേശ മേഖലകളിലെ രഹസ്യ കേന്ദ്രങ്ങളിലും ഈ തട്ടിപ്പ് നടക്കുന്നുണ്ട്.
സംസ്ഥാന സർക്കാരിൻ്റെ ലോട്ടറി വരുമാനത്തെ ബാധിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ ലോട്ടറി റെഗുലേഷൻ ആക്ട് പ്രകാരം ക്രിമിനൽ കുറ്റമാണ്.സാധാരണക്കാരായ തൊഴിലാളികളാണ് ഈ കെണിയിൽ വീഴുന്നവരിലധികവും.
ഭൂരിഭാഗം പേർക്കും പണം നഷ്ടമാകുകയാണ് പതിവ്.പൊന്നാനി തീരദേശത്ത് ഇത്തരം സംഘങ്ങൾക്കെതിരെ നാട്ടുകാരുടെ പരാതി ശക്തമാണ്. നേരത്തെ പൊന്നാനിയിൽ ഇത്തരം കേസുകളിൽ ചിലരെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും സംഘങ്ങൾ വീണ്ടും സജീവമാകുകയാണെന്നാണ് റിപ്പോർട്ടുകൾ.
ഇതിനെതിരെ കർശനമായ പരിശോധനകൾ വേണമെന്നും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.



