
കോട്ടയം:കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ അധികൃതരുടെ അനാസ്ഥയിൽ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ (പിഎംഎൻആർഎഫ്) നിന്നു നിർധന രോഗികൾക്ക് അനുവദിച്ച ഒന്നരക്കോടി രൂപ പാഴായി.
ഇതിനു പുറമേ കേന്ദ്ര – സംസ്ഥാന സർക്കാരുകൾ ഏകോപിച്ചുള്ള ആരോഗ്യ ഏജൻസിയുടെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ നിക്ഷേപിച്ച 60 കോടി രൂപയും രോഗികൾക്കായി പ്രയോജനപ്പെടുത്താൻ കഴിഞ്ഞില്ല.
2019 ജൂൺ മുതൽ 2024 മാർച്ച് വരെയുള്ള കാലയളവിലെ പ്രിൻസിപ്പൽ അക്കൗണ്ടന്റ് ജനറൽ ഓഡിറ്റിലാണ് ഈ വിവരങ്ങളുള്ളത്.പ്രകൃതി ദുരന്തങ്ങൾ, വലിയ അപകടങ്ങൾ, കാൻസർ, ഹൃദയ ശസ്ത്രക്രിയ തുടങ്ങിയ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവർക്കാണു പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നു സഹായം കിട്ടുക.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിക്കായി അനുവദിച്ച ഒന്നരക്കോടി രൂപ കോട്ടയത്തെ ഒരു ദേശസാൽകൃത ബാങ്ക് ശാഖയിലാണു നിക്ഷേപിച്ചത്. രോഗികളുടെ ചികിത്സച്ചെലവിന്റെ പൂർണ വിവരങ്ങൾ ആശുപത്രി അധികൃതർ പ്രധാനമന്ത്രിയുടെ ഓഫിസിൽ അറിയിച്ചിട്ടില്ല.
അതിനാൽ ഒറ്റത്തവണ ഗ്രാന്റായി ലഭിക്കുന്ന ധനസഹായം അർഹരും ആവശ്യക്കാരുമായ രോഗികൾക്കു നിഷേധിക്കപ്പെട്ടെന്നാണ് ഓഡിറ്റ് റിപ്പോർട്ട്. ചെലവഴിക്കാത്ത തുക പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തിരികെ നൽകണമെന്നും നിർദേശം ഉണ്ട്.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ 2023 മാർച്ച് 31 വരെയുള്ള കണക്ക് പ്രകാരം 60 കോടി രൂപയാണ് രോഗികൾക്ക് പ്രയോജനപ്പെടാതെ പോയത്.2020 മുതലുളള കണക്കാണ് ഇത്. ഈ പദ്ധതിയിൽ ചേരാൻ 26,373 പേർ നൽകിയ അപേക്ഷ പരിഗണിച്ചിട്ടുമില്ല.
ബിജെപി ജില്ലാ ഘടകമാണ് വലിയ പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുന്നത്. പാവപ്പെട്ട രോഗികള്‍ക്കായി അനുവദിച്ച പണം കോട്ടയത്തെ ദേശസാത്കൃത ബാങ്കില്‍ നിക്ഷേപിച്ച ശേഷം വിനിയോഗിക്കാതെ രോഗികളെ ദുരിതത്തിലേക്കു തള്ളിവിട്ട നടപടിയില്‍ കടുത്ത പ്രതിഷേധം ബിജെപി ഉയർത്തിരിക്കുകയാണ്.
മെഡിക്കൽ കോളജിന്റെ പ്രവർത്തനം വര്‍ഷങ്ങളായി തീര്‍ത്തും പരിതാപകരമായ രീതിയിലാണ്. കഴിഞ്ഞ ജൂണില്‍ കെട്ടിടം തകര്‍ന്നു വീട്ടമ്മ മരിച്ചിട്ടും അപകടാവസ്ഥയിലായ കെട്ടിടങ്ങളുടെ കണക്കെടുപ്പ് പൂര്‍ത്തിയാക്കിയിട്ടില്ല.
കെട്ടിടം ഇടിഞ്ഞു വീണു വീട്ടമ്മ മരിച്ച സംഭവത്തെ ജില്ലാ കളക്ടർ വെള്ളപൂശുകയും ചെയ്തു. നേരത്തേ നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണു.
രോഗികള്‍ക്കു പനിഗുളിക ഒഴികെ മറ്റെല്ലാ ചികിത്സയ്ക്കും പണം മുടക്കേണ്ട അവസ്ഥയിലാണെന്നും ബിജെപി ആരോപിച്ചു. സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരേ നടപടിയെടുക്കണമെന്ന് ബിജെപി വെസ്റ്റ് ജില്ലാ പ്രസിഡന്റ് ജി. ലിജിൻ ലാല്‍ ആവശ്യപ്പെട്ടു



