
തൊടുപുഴ: എലിപ്പനിക്കെതിരെ പ്രതിരോധ പ്രവർത്തങ്ങൾ പുരോഗമിക്കുമ്പോഴും ആശങ്കയുണർത്തി ജില്ലയിൽ എലിപ്പനി ബാധിതരുടെ എണ്ണം ഉയരുന്നു. കഴിഞ്ഞ വർഷം 14 പേരാണ് അസുഖം ബാധിച്ച് മരിച്ചത്. നിലവിൽ ഇരുപതോളം പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷം സംസ്ഥാനത്ത് 391 മരണങ്ങൾക്ക് ഈ രോഗം വഴിവെച്ചു. 6.8 ശതമാനം മരണനിരക്കുണ്ട് എന്നത് ഗൗരവമായി കാണണമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.
2024-ൽ 394 മരണങ്ങളായിരുന്നു. മെഡിക്കൽ കോളേജുകൾ ഉൾപ്പെടെയുള്ള ആശുപത്രികളിൽ വിദഗ്ധചികിത്സ ലഭ്യമാകുന്നത് കൊണ്ടുമാത്രമാണ് പലരും രക്ഷപ്പെടുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ജലാശയവുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരും നിരന്തരസമ്പർക്കം പുലർത്തുന്നവരുമാണ് കൂടുതലും രോഗബാധിതർ.
എലി മൂത്രത്തിൽ നിന്ന് മാത്രമല്ല, എലിപ്പനി പകരുന്നത്. നായ, പൂച്ച, കന്നുകാലികൾ എന്നിവയുടെ മൂത്രത്തിലൂടെയും രോഗാണുക്കൾ മണ്ണിലും വെള്ളത്തിലും കലർന്നും അസുഖം പകരും.
പനി, തലവേദന, ക്ഷീണം, പേശി വേദന, കടുത്ത ക്ഷീണം, നടുവേദന, വയറിളക്കം തുടങ്ങിയവയാണ് ലക്ഷണം. കരളിനെ ബാധിക്കുന്നതോടെ സ്ഥിതി ഗുരുതരമാകും. ഇത്തരത്തിലുള്ള ലക്ഷണങ്ങൾ ഉണ്ടായാൽ എത്രയും പെട്ടെന്ന് ചികിത്സ തേടണം.
മലിനജലം, കെട്ടിക്കിടക്കുന്ന ജലം എന്നിവയുമായി സമ്പർക്കം ഒഴിവാക്കുക. കുട്ടികളെ മലിനജലത്തിൽ കളിക്കാൻ അനുവദിക്കരുത്. ശരീരത്തിൽ മുറിവുള്ളവർ ശുചീകരണ പ്രവർത്തനത്തിന് ഇറങ്ങാതിരിക്കുക. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക.
എലികളെ നിയന്ത്രിക്കാൻ ഭക്ഷണാവശിഷ്ടങ്ങൾ ചുറ്റുപാടും വലിച്ചെറിയാതിരിക്കുക. മൃഗങ്ങളുമായി ഇടപഴകുന്നവർ പ്രത്യേകം മുൻകരുതൽ സ്വീകരിക്കണം. മലിനജലത്തിൽ ചവിട്ടേണ്ടി വന്നാൽ കാലുകൾ ശുദ്ധജലവും സോപ്പും ഉപയോഗിച്ച് കഴുകണം. കുടിവെള്ളം തിളപ്പിച്ച് ഉപയോഗിക്കണം.
തൊഴിലുറപ്പ് തൊഴിലാളികൾ, കൃഷിക്കാർ, നിർമ്മാണ- പെയിന്റിംഗ് തൊഴിലാളികൾ, ഹരിതകർമ്മ സേനാംഗങ്ങൾ, ക്ഷീരകർഷകർ, മലിനജലവുമായി സമ്പർക്കമുള്ളവർ, അടുക്കളത്തോട്ടം, പൂന്തോട്ടം പരിപാലന മേഖലയിലുള്ളവർ.



