
കൊല്ലം: സ്കൂള്‍ വിദ്യാർത്ഥികളുടെ മാനസികാരോഗ്യവും മറ്റ് പ്രശ്നങ്ങളും പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ പ്രഖ്യാപിച്ച ആയിരം സൈക്കോ സോഷ്യല്‍ കൗണ്‍സലർമാരുടെ നിയമനം ഈ അധ്യയന വർഷവും നടക്കില്ല.
സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ശമ്ബളത്തിനുള്ള തുക കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് നിയമന നടപടികള്‍ മാറ്റിവെച്ചത്.
വർധിച്ചു വരുന്ന ലഹരി ഉപയോഗം, മാനസിക സമ്മർദ്ദം എന്നിവ നേരിടാൻ വിപുലമായ കൗണ്‍സിലിംഗ് സംവിധാനം ഒരുക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നെങ്കിലും നടപ്പായില്ല. കൗണ്‍സിലർമാർക്ക് ശമ്പളം നല്‍കുന്നതിനായി നീക്കിവെക്കേണ്ട വലിയ തുക നിലവിലെ സാമ്പത്തിക സാഹചര്യത്തില്‍ കണ്ടെത്താനാവില്ലെന്നാണ് അധികൃതരുടെ വിശദീകരണം.
സ്കൂളുകളില്‍ കൃത്യമായ കൗണ്‍സിലിംഗ് ലഭിക്കാത്തത് വിദ്യാർത്ഥികളുടെ ക്ഷേമപ്രവർത്തനങ്ങളെ ബാധിക്കുമെന്ന് അധ്യാപകരും രക്ഷിതാക്കളും ആശങ്കപ്പെടുന്നു. നിലവിലുള്ള കൗണ്‍സലർമാരുടെ കുറവ് പരിഹരിക്കാൻ ഈ നിയമനം അത്യന്താപേക്ഷിതമായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സംസ്ഥാനത്തെ 8,579 സ്കൂളുകളിലായി 31 ലക്ഷത്തോളം വിദ്യാർത്ഥികളാണുള്ളത്. എന്നാല്‍ ഇവർക്കായി ആകെ അനുവദിച്ചിട്ടുള്ളത് 1,012 കൗണ്‍സിലർമാരെ മാത്രമാണ്. നിലവിലുള്ള ഒരു കൗണ്‍സിലർ തന്നെ മൂന്നോ നാലോ സ്കൂളുകളുടെ ചുമതല വഹിക്കേണ്ടി വരുന്നു. ഒരു പഞ്ചായത്തിലെ ഒട്ടുമിക്ക സ്കൂളുകളിലും ഒരാള്‍ തന്നെ എത്തേണ്ടി വരുന്നതിനാല്‍ ആഴ്ചയില്‍ ഒരിക്കല്‍ പോലും എല്ലാ സ്കൂളുകളിലും എത്താൻ ഇവർക്ക് സാധിക്കുന്നില്ല.
മാനസിക പ്രശ്നങ്ങള്‍ കണ്ടെത്തുന്ന കുട്ടികള്‍ക്ക് നല്‍കേണ്ട തുടർ കൗണ്‍സലിങ് പലപ്പോഴും നടക്കുന്നില്ല. രണ്ടായിരത്തിലേറെ കുട്ടികളുള്ള സ്കൂളുകളില്‍ ഒരാള്‍ക്ക് മാത്രമായി എല്ലാവരെയും കേള്‍ക്കാൻ കഴിയാത്തത് പദ്ധതിയുടെ ലക്ഷ്യം തെറ്റിക്കുന്നു. കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ കണ്ടെത്തുന്നതിലും അവർക്ക് കൃത്യമായ പിന്തുണ നല്‍കുന്നതിലും കൗണ്‍സലർമാരുടെ അഭാവം വലിയ തടസ്സമാകുന്നു.
സംസ്ഥാനത്തെ സ്കൂളുകളില്‍ സൈക്കോ സോഷ്യല്‍ കൗണ്‍സലിങ് സംവിധാനം ശക്തമാക്കുന്നതിനായി അടുത്ത അധ്യയന വർഷം 1,012 കൗണ്‍സലർമാരെ കൂടി നിയമിക്കാനാണ് സർക്കാർ നീക്കം. പദ്ധതിക്കായി 51 കോടി രൂപ അനുവദിച്ചു. 51 കോടി രൂപയില്‍ 30 കോടിയോളം രൂപ കൗണ്‍സലർമാരുടെ ശമ്ബളത്തിനായി മാറ്റിവെക്കും. ബാക്കി തുക കൗണ്‍സലിങ് റൂമുകള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ക്കായി ഉപയോഗിക്കാനാണ് തീരുമാനം.



