
തൊടുപുഴ: റബർ കൃഷിയോട് മുഖം തിരിച്ച് റബർ കർഷകർ. ഇതോടെ ഏക്കർ കണക്കിന് തോട്ടങ്ങളിലെ മരങ്ങൾ വെട്ടിമാറ്റി.
തുടർച്ചയായ വിലയിടവിൽ നട്ടം തിരിഞ്ഞ കർഷകർ പൈനാപ്പിൾ, റംബൂട്ടാൻ കൃഷികളിലേക്കാണ് ചുവടുറപ്പിക്കുന്നത്. അടയ്ക്കാവില ഉയർന്നതോടെ കമുക് കൃഷിയും തിരഞ്ഞെടുത്തവരുണ്ട്.
നഷ്ടം മാത്രമായതോടെ ഏക്കർ കണക്കിന് തോട്ടങ്ങളിലെ മരങ്ങളാണ് വെട്ടിമാറ്റിയത്. മരങ്ങളുള്ള റബർതോട്ടങ്ങളിൽ അധികവും അനാഥമായി കിടക്കുന്നു. കാടുപിടിച്ച തോട്ടങ്ങൾ വർദ്ധിച്ചതിനെ തുടർന്ന് കാട്ടുമൃഗങ്ങളുടെ ശല്യം പലയിടങ്ങളിലും രൂക്ഷമാണ്.
മുമ്പ് കന്നാരക്കിടയിൽ റബർ തൈകളായിരുന്നു പിടിപ്പിച്ചിരുന്നതെങ്കിൽ ഇപ്പോൾ റംബൂട്ടാൻ ഇടം നേടിക്കഴിഞ്ഞു. റബറിന്റെ പുനർകൃഷിക്കായി സർക്കാരും റബർ ബോർഡും സഹായവുമായുണ്ടെങ്കിലും കർഷകർ മുഖം തിരിക്കുകയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉയർന്ന ഗ്രേഡിലുള്ള റബറിന് മാർക്കറ്റിൽ 183 രൂപയാണ് ലഭിക്കുന്നത്. വെട്ടുകൂലിയും മറ്റ് ചെലവുകളും കഴിഞ്ഞാൽ ഉടമയ്ക്ക് യാതൊരു മെച്ചവുമില്ല. ഇതോടെയാണ് റബറിന് പകരം മറ്റ് കൃഷികളിലേക്ക് പലരും തിരിഞ്ഞത്.
സ്വന്തമായി കൃഷി ചെയ്യുന്നതിന് പകരം സ്ഥലം പാട്ടത്തിന് നൽകുകയാണ് നിലവിലെ രീതി. പൈനാപ്പിൾ, റംബൂട്ടാൻ കൃഷികൾ ഇതോടെ നാട്ടിൻ പുറങ്ങളിൽ വ്യാപകമാകുകയാണ്. ഒരേക്കർ സ്ഥലത്തിന് കുറഞ്ഞത് 60,000 രൂപയെങ്കിലും പാട്ടത്തുക കിട്ടും.
വാഹനങ്ങൾ എളുപ്പം ചെല്ലുന്നതും ജലസേചന സൗകര്യമുള്ളതുമായ കണ്ണായ സ്ഥലങ്ങൾക്ക് ഒരു ലക്ഷം വരെയൊക്കെ പാട്ടം ലഭിക്കും. പറമ്പ് തെളിയുന്നതിനൊപ്പം ഉടമയ്ക്കും ബാദ്ധ്യതയില്ലാതെ വരുമാനം ലഭിക്കും. ഉൾപ്രദേശങ്ങളിൽ കോഴി ഫാമിനും പന്നിവളർത്തലിനുമായി സ്ഥലം നൽകുന്നവരുണ്ട്.




