
തിരുവനന്തപുരം: ഒന്നാം പിണറായി സർക്കാരില്‍ ദേവസ്വം മന്ത്രിയായിരിക്കെ കടകംപള്ളി സുരേന്ദ്രൻ നടത്തിയ വിദേശയാത്രകള്‍ ശബരിമല സ്വർണക്കൊള്ള അന്വേഷിക്കുന്ന എസ്.ഐ.ടി പരിശോധിക്കുകയാണ്.
ടൂറിസം വകുപ്പിന്റെ കൂടി ചുമതലയുണ്ടായിരുന്ന കടകംപള്ളി കേരളാ ടൂറിസം വികസനത്തിനും പ്രചാരണ പരിപാടികള്‍ക്കുമായാണ് വിവിധ രാജ്യങ്ങളില്‍ പോയതെന്നാണ് ചോദ്യം ചെയ്യലില്‍ അദ്ദേഹം മൊഴി നല്‍കിയത്.
എന്നാല്‍ വത്തിക്കാൻ, അമേരിക്ക എന്നിവിടങ്ങളിലേക്ക് ഓരോ തവണയും യു.എ.ഇയിലേക്ക് രണ്ടുതവണയും സ്വകാര്യ യാത്രകള്‍ നടത്തിയിട്ടുണ്ട്. ഇതിന്റെ കാരണങ്ങളും എസ്.ഐ.ടി അന്വേഷിക്കുകയാണ്.
സ്വര്‍ണക്കൊള്ള കേസില്‍ കടകംപള്ളി സുരേന്ദ്രനെ കഴിഞ്ഞ ശനിയാഴ്ച മൂന്നുമണിക്കൂറാണ് എസ്.ഐ.ടി ചോദ്യംചെയ്തത്. പ്രധാനമായും ചോദിച്ചറിഞ്ഞത് ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തെക്കുറിച്ചാണ്.
ശബരിമലയിലെ സ്പോണ്‍സർ എന്ന നിലയില്‍ പോറ്റിയെ അറിയാമെന്നതില്‍ കവിഞ്ഞൊരു ബന്ധമില്ലെന്നാണ് കടകംപള്ളിയുടെ മൊഴി.
എന്നാല്‍ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നാണ് എസ്.ഐ.ടി പറയുന്നത്. ഇന്നലെ ഉണ്ണികൃഷ്ണൻ പോറ്റിയെ കസ്റ്റഡിയില്‍ വാങ്ങി ഈ മൊഴികളെക്കുറിച്ച് ചോദിച്ചറിഞ്ഞിട്ടുണ്ട്.
കടകംപള്ളിയുടെ ഇടപെടലുകളെക്കുറിച്ച് ബോർഡ് മുൻ പ്രസിഡന്റ് എ.പത്മകുമാറിനെ ജയിലിലെത്തി വീണ്ടും ചോദ്യം ചെയ്യും. ഇതിനു ശേഷം കടകംപള്ളിയെ വീണ്ടും ചോദ്യംചെയ്യുമെന്നാണ് അറിയുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
2016 മുതല്‍ 2021 വരെ മന്ത്രിയായിരിക്കെ കടകംപള്ളി നടത്തിയ വിദേശയാത്രകളുടെ വിവരങ്ങള്‍ എസ്.ഐ.ടി ശേഖരിച്ചു. ഇതില്‍ 4 സ്വകാര്യ വിദേശ സന്ദര്‍ശനങ്ങളുമുണ്ട്. ഇതോടൊപ്പം ബംഗളുരു, ചെന്നൈ യാത്രാ വിവരങ്ങളും ശേഖരിക്കും.
ബംഗളുരുവിലെ നക്ഷത്ര ഹോട്ടലില്‍ സ്വര്‍ണക്കൊള്ള കേസിലെ മുഖ്യ പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയെ മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രന്‍ സന്ദര്‍ശിച്ചിരുന്നതിന്റെ വിവരങ്ങള്‍ എസ്‌ഐടിക്കു ലഭിച്ചിരുന്നു. ഇതേക്കുറിച്ച് ഇന്നലെ പോറ്റിയോട് ചോദിച്ചറിഞ്ഞിട്ടുണ്ട്.
മലയാളം സമാജത്തിന്റെ പരിപാടിക്കായാണ് ബംഗളുരുവില്‍ പോയതെന്നാണ് കടകംപള്ളിയുടെ മൊഴി. പോറ്റിയുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ കടകംപള്ളിയുടെ മറുപടിയിലാണ് അവ്യക്തത.
ബോർഡിന്റെ കാര്യങ്ങളില്‍ മന്ത്രി ഇടപെടാറില്ലെന്ന മറുപടിയും തൃപ്തികരമല്ല. പോറ്റിയുമായുള്ള സാമ്ബത്തികയിടപാടുകളെക്കുറിച്ചുള്ള മറുപടിയിലും വ്യക്തതയില്ല.
അതേസമയം ഉണ്ണിക്കൃഷ്ണൻ പോറ്റിയെ സഹായിക്കണമെന്ന് താൻ അപേക്ഷയില്‍ എഴുതിയിട്ടില്ലെന്നു കടകംപള്ളി സുരേന്ദ്രൻ എം.എല്‍.എ. സാങ്കല്‍പ്പിക കഥകളാണ് പ്രചരിക്കുന്നതെന്ന് ഫേസ്ബുക്കിലിട്ട കുറിപ്പില്‍ പറയുന്നു. സ്വർണ്ണപ്പാളി വിവാദവുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്.
പോറ്റിയുടെ സ്‌പോണ്‍സർഷിപ്പില്‍ താൻ വീടുവെച്ചു കൊടുത്തെന്നതും വെറും ആരോപണമാണ്. മണ്ഡലത്തിലെ വീടില്ലാത്ത ഒട്ടേറെപേർക്ക് സർക്കാരിന്റെയും സുമനസ്സുകളുടെയും സഹായത്തോടെ വീടുകള്‍ നിർമ്മിച്ചു നല്‍കിയിട്ടുണ്ട്.
അതില്‍ ഒന്നുപോലും ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ സ്‌പോണ്‍സർഷിപ്പില്‍ നിർമ്മിച്ചതല്ല. കഴിഞ്ഞ ശനിയാഴ്ച പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായത് ഏതെങ്കിലും രഹസ്യ കേന്ദ്രത്തിലായിരുന്നില്ല.
തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്തോട് ചേർന്നുള്ള ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ് മൊഴി രേഖപ്പെടുത്തിയത്.
എം.എല്‍.എ ബോർഡുവെച്ച, താൻ സ്ഥിരം ഉപയോഗിക്കുന്ന കറുത്ത ടൊയോട്ട യാരിസ് കാറിലാണ് അവിടെ എത്തിയതും മൊഴി നല്‍കിയ ശേഷം എന്റെ ഓഫീസിലേക്ക് മടങ്ങിപ്പോയതും. ഇതൊക്കെ പകല്‍വെളിച്ചത്തില്‍ നടന്ന കാര്യങ്ങളാണ്.
സ്വർണ്ണപ്പാളി വിവാദത്തില്‍ തനിക്കെതിരെ ആരോപണമുന്നയിച്ച് 84 ദിവസം പിന്നിട്ടിട്ടും കോടതിയില്‍ ഒരു കീറക്കടലാസ് ഹാജരാക്കാൻ പ്രതിപക്ഷ നേതാവിന് കഴിഞ്ഞിട്ടില്ല. അവാസ്തവങ്ങള്‍ പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ശരിയല്ലെന്നും കടകംപള്ളി പറഞ്ഞു
കടകംപള്ളിയുടെ യാത്രയുടെ വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. യാത്രകള്‍ ഇങ്ങനെയാണ്- 2017നവംബർ- ബ്രിട്ടണ്‍, 2018മാർച്ച്- ജർമ്മിനി, ഫ്രാൻസ്, ഇറ്റലി, 2018 മാർച്ച്- വത്തിക്കാൻ, 2018ഏപ്രില്‍-യു.എ.ഇ, 2018ജൂലായ്-അമേരിക്ക, 2019ജനുവരി-സ്പെയിൻ, 2019ഫെബ്രുവരി-യു.എ.ഇ, 2019ഏപ്രില്‍-യു.എ.ഇ, 209മേയ്-യു.എ.ഇ, 2019സെപ്തംബർ-കസാഖിസ്ഥാൻ, 2019ഒക്ടോബർ-യു.എ.ഇ, 2019ഒക്ടോബർ-ജപ്പാൻ




