
തൃശൂർ: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ മഞ്ഞപ്ര വടക്കേതില്‍ രാഹുലിനെ കോയമ്പത്തൂരില്‍ വെച്ച് പിടികൂടി വടക്കഞ്ചേരി പോലീസ്. പോലീസിനെ കത്തിവീശി ഭീഷണിപ്പെടുത്തി കൈവിലങ്ങോടെ കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ട കൊലപാതകശ്രമക്കേസ് പ്രതിയാണ് രാഹുൽ.
രാഹുലിനെ ഒളിവില്‍ കഴിയാൻ സഹായിച്ച അഞ്ചുപേരെയും പോലീസ് അറസ്റ്റ് ചെയ്തു. സഫർ (36), അനസ് (26), ജിബിൻ (25), ജലാലുദ്ദീൻ (20), അൻവർ (30), എന്നിവരാണ് അറസ്റ്റിലായ സഹായികള്‍. നവംബർ 27-ന് മണ്ണുത്തി സ്റ്റേഷനില്‍ രജിസ്റ്റർ ചെയ്ത കൊലപാതകശ്രമക്കേസില്‍ രാഹുലിനെ പിടികൂടാൻ കഴിഞ്ഞ തിങ്കളാഴ്ചയാണ് മണ്ണുത്തി പോലീസ് വടക്കഞ്ചേരിയില്‍ എത്തിയത്. പോലീസ് പിടികൂടി കൈവിലങ്ങ് അണിയിച്ചെങ്കിലും, രാഹുല്‍ പെട്ടെന്ന് കത്തിവീശി പരിഭ്രാന്തി സൃഷ്ടിച്ചു. ഈ സമയം സഫർ ബൈക്കുമായെത്തി രാഹുലിനെ രക്ഷപ്പെടുത്തുകയായിരുന്നു.
തുടർന്ന് കാറിലും മറ്റുമായി വിവിധയിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ പ്രതിയെ, കണ്ണന്നൂരിലെ ജലാലുദ്ദീന്റെ വീട്ടിലെത്തിച്ചാണ് കൈവിലങ്ങ് കട്ടർ ഉപയോഗിച്ച് മുറിച്ചുമാറ്റിയത്. തുടർന്ന് കോയമ്പത്തൂർ അൻവറിന്റെ സഹായത്തോടെ ഒളിവില്‍ കഴിയുന്നതിനിടെയാണ് പോലീസ് സംഘം വളഞ്ഞത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group


