
തിരുവനന്തപുരം: ‘പ്രധാനമന്ത്രിയുടെ പുതുവർഷ സമ്മാനം’ എന്ന പേരില്‍ സ്ക്രാച്ച് കാർഡ് ലിങ്കുകള്‍ അയച്ച് ഓണ്‍ലൈൻ സാമ്പത്തിക തട്ടിപ്പുകള്‍ വ്യാപകമാകുന്നതായി കേരള പോലീസ് മുന്നറിയിപ്പ് നല്കി.
ഇത്തരം തട്ടിപ്പുകളില്‍ ജാഗ്രത പാലിക്കണമെന്നും അക്കൗണ്ടുകളില്‍ നിന്ന് പണം നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും പോലീസ് അറിയിച്ചു.
സോഷ്യല്‍ മീഡിയ വഴിയാണ് തട്ടിപ്പുകാർ ‘പ്രൈം മിനിസ്റ്റർ ന്യൂ ഇയർ ഗിഫ്റ്റ് സ്ക്രാച്ച് കാർഡ്’ അടങ്ങിയ ലിങ്കുകള്‍ പ്രചരിപ്പിക്കുന്നത്. ഈ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്നതോടെ ഒരു നിശ്ചിത തുക സമ്മാനമായി ലഭിച്ചുവെന്ന് ഉപയോക്താവിനെ അറിയിക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്ന്, ഈ സമ്മാനത്തുക ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യുന്നതിനായി പിൻ നമ്പർ രേഖപ്പെടുത്താൻ ആവശ്യപ്പെടുകയും, പിൻ നമ്പർ നല്‍കുന്നതോടെ അക്കൗണ്ടിലുള്ള പണം നഷ്ടമാകുകയുമാണ് തട്ടിപ്പിന്റെ രീതി.
കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍ ‘പ്രധാനമന്ത്രിയുടെ സമ്മാനം’ എന്ന പേരിലോ മറ്റ് പേരുകളിലോ യാതൊരുവിധ സമ്മാന പദ്ധതികളും ഏർപ്പെടുത്തിയിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. ഉത്സവ സീസണുകള്‍ പ്രമാണിച്ച് പണം തട്ടിയെടുക്കുന്നതിനായി തട്ടിപ്പുകാർ ഉപയോഗിക്കുന്ന പുതിയ മാർഗ്ഗമാണിതെന്നും പോലീസ് കൂട്ടിച്ചേർത്തു.




