
ന്യൂഡൽഹി: റെയിൽവൺ ആപ്പ് വഴി ബുക്ക് ചെയ്യുന്ന ജനറൽ ടിക്കറ്റുകളുടെ നിരക്കിൽ റെയിൽവേ മൂന്നു ശതമാനം കിഴിവ് പ്രഖ്യാപിച്ചു. 2026 ജനുവരി 14 മുതൽ 2026 ജൂലായ് 14 വരെ ആറു മാസത്തേക്കാണ് കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്.
സോഫ്ട്വെയറിൽ മാറ്റങ്ങൾ വരുത്തണമെന്ന് ആവശ്യപ്പെട്ട് റെയിൽവേ സി.ആർ.ഐ.എസിന് (സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റം) കത്തയച്ചു. ആർ-വാലറ്റ് ഉപയോക്താക്കൾക്ക് മാത്രമായി കിഴിവ് പരിമിതപ്പെടുത്തിയിട്ടില്ല.
മറിച്ച് ഏതെങ്കിലും ഡിജിറ്റൽ പേയ്മെന്റ് മോഡ് (യു.പി.ഐ, ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകൾ അല്ലെങ്കിൽ നെറ്റ് ബാങ്കിംഗ് പോലുള്ളവ) വഴി നടത്തുന്ന പേയ്മെന്റുകൾക്ക് ഓഫർ ലഭ്യമാകും.റെയിൽവൺ ആപ്പിൽ ആർ- വാലറ്റ് വഴി നടത്തുന്ന പേയ്മെന്റുകൾക്ക് നിലവിൽ മൂന്ന് ശതമാനം ക്യാഷ്ബാക്ക് ഉണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതു തുടർന്നുകൊണ്ടാണ് പുതിയ പ്രഖ്യാപനം. ഇത് ഡിജിറ്റൽ പേയ്മെന്റുകൾക്ക് നേരിട്ട് മൂന്ന് ശതമാനം കിഴിവ് നൽകും. ഇതനുസരിച്ച് ജനുവരി 14 മുതൽ ആർ- വാലറ്റ് ഉപയോഗിച്ച് റെയിൽവൺ ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ആകെ ആറ് ശതമാനം കിഴിവ് ലഭിക്കും.
മൂന്നു ശതമാനം കിഴിവ് ഓഫർ റെയിൽവൺ ആപ്പിൽ മാത്രമേ ലഭ്യമാകൂ എന്നും റെയിൽവേ അധികൃതർ വ്യക്തമാക്കി. മറ്റേതെങ്കിലും ഓൺലൈൻ പ്ലാറ്റ്ഫോം അല്ലെങ്കിൽ വെബ്സൈറ്റ് വഴി യാത്രക്കാർ ജനറൽ ടിക്കറ്റുകൾ ബുക്ക് ചെയ്താൽ അവർക്ക് കിഴിവ് ലഭിക്കില്ല.
സ്റ്റേഷനുകളിലെ ടിക്കറ്റ് കൗണ്ടറുകളിലെ തിരക്ക് കുറയ്ക്കുന്നതിന് ഔദ്യോഗിക റെയിൽവേ ആപ്പിലേക്ക് മാറാൻ യാത്രക്കാരെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ലക്ഷ്യം.
ട്രെയിൻ യാത്രയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും നൽകുന്ന വൺ സ്റ്റോപ്പ് സൊല്യൂഷനാണ് റെയിൽവൺ ആപ്പ്. ആൻഡ്രോയിഡിലും ഐ.ഒ.എസിലും ഇത് സൗജന്യമായി ഡൗൺലോഡ് ചെയ്യാം




