വണ്ടാനം മെഡിക്കൽ കോളേജിൽ കാലിലെ ചില്ല് നീക്കാതെ മുറിവ് തുന്നിക്കെട്ടി; അഞ്ചുമാസം കഠിനവേദന തിന്ന് യുവാവ്, ഒടുവിൽ ശസ്ത്രക്രിയയിലൂടെ ചില്ല് പുറത്തെടുത്തു

Spread the love

അമ്പലപ്പുഴ: ഡോക്ടർമാരുടെ അനാസ്ഥയെ തുടർന്ന് യുവാവ് വേദന സഹിച്ചത് 5 മാസം.
വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് സംഭവം.വാഹനാപകടത്തിൽ പരിക്കേറ്റ യുവാവിന്റെ കാലിൽ തറഞ്ഞുകയറിയ ചില്ല് നീക്കം ചെയ്യാതെ മുറിവ് തുന്നിക്കെട്ടി.

video
play-sharp-fill

പുന്നപ്ര തെക്ക് പഞ്ചായത്ത് 19-ാം വാർഡ് കൊച്ചുപറമ്പ് വീട്ടിൽ അനന്തു (27) ആണ് അഞ്ചുമാസത്തോളം കാലിലെ ചില്ലുമായി കഠിനവേദന അനുഭവിച്ചത്. ഒടുവിൽ പുന്നപ്രയിലെ സഹകരണ ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് ഒന്നരയിഞ്ച് നീളമുള്ള ഫൈബർ ചില്ല് പുറത്തെടുത്തത്.

കഴിഞ്ഞ ജൂലൈ 17ന് രാത്രി വളഞ്ഞവഴിയിൽ വെച്ചുണ്ടായ അപകടത്തിലാണ് അനന്തുവിന് പരിക്കേറ്റത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അനന്തുവിന്റെ കാലിലെ മുറിവുകൾ പരിശോധനയ്ക്ക് ശേഷം തുന്നിക്കെട്ടി പ്ലാസ്റ്ററിട്ടിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുഴപ്പങ്ങളൊന്നുമില്ലെന്ന് പറഞ്ഞ് രണ്ടു ദിവസത്തിന് ശേഷം വിട്ടയച്ചു. ജൂലൈ 28ന് തുന്നൽ എടുത്തെങ്കിലും പിന്നീട് നടക്കാനോ ജോലിക്ക് പോകാനോ കഴിയാത്ത വിധം വേദന അനുഭവപ്പെട്ടു. തുന്നിക്കെട്ടിയ ഭാഗത്ത് മുഴ രൂപപ്പെടുകയും ചെയ്തു.

മുഴ പൊട്ടി പഴുപ്പ് ഒലിച്ചതിനെത്തുടർന്ന് ഈ മാസം 22-ന് വീണ്ടും മെഡിക്കൽ കോളജിൽ ചികിത്സ തേടി. എന്നാൽ, മുറിവ് പഴുക്കാൻ കാരണം പ്രമേഹമാണെന്ന് പറഞ്ഞ് കൈമലർത്തുകയാണ് ഓർത്തോ വിഭാഗം ചെയ്തത്.

തുടർന്ന് മെഡിസിൻ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ഐസിയു കിടക്കയുടെ കുറവ് പറഞ്ഞ് മറ്റൊരു ആശുപത്രിയിലേക്ക് മാറാൻ ഡോക്ടർമാർ നിര്‍ദേശിക്കുകയായിരുന്നു.

തുടർന്ന് പുന്നപ്ര സഹകരണ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് മുറിവിനുള്ളിൽ അന്യവസ്തു ഇരിക്കുന്നതായി സംശയം തോന്നിയത്.

ശസ്ത്രക്രിയയിൽ കാലിനുള്ളിൽ നിന്ന് ഒന്നരയിഞ്ചോളം നീളമുള്ള ചില്ല് കണ്ടെത്തുകയായിരുന്നു. അപകടസമയത്ത് മുറിവ് കൃത്യമായി വൃത്തിയാക്കാതെ തുന്നിക്കെട്ടിയതാണ് പഴുപ്പിനും വേദനയ്ക്കും കാരണമായത്.

ലൈറ്റ് ആൻഡ് സൗണ്ട് തൊഴിലാളിയായ അനന്തുവിന് മാസങ്ങളോളം ജോലിക്ക് പോകാൻ കഴിയാത്തത് വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ഉണ്ടാക്കിയത്. ഡോക്ടർമാരുടെ അനാസ്ഥയ്ക്കെതിരെ മെഡിക്കൽ കോളജ് സൂപ്പർവൈസർക്കും ജില്ലാ കളക്ടർക്കും അമ്പലപ്പുഴ പൊലീസിനും അനന്തു പരാതി നൽകി.