
കോട്ടയം: രാജ്യത്ത് ഏഴ് മാസത്തിനിടെ ട്രെയിൻ യാത്രക്കാരുടെ എണ്ണത്തില്‍ 17.61 കോടിയുടെ വർധന. റെയില്‍ മന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇതിന്റെ കണക്കുകള്‍ വ്യക്തമാക്കിയിട്ടുള്ളത്.
യാത്രക്കാരുടെ എണ്ണം കൂടിയപ്പോള്‍ വരുമാനവും 94,927 കോടി രൂപയായി ഉയർന്നു. 2025 ഏപ്രില്‍ ഒന്നുമുതല്‍ ഒക്ടോബർ 31 വരെയുള്ള കാലയളവിലാണ് ട്രെയിൻ യാത്രക്കാരുടെ എണ്ണം ഇത്രയും കൂടിയത്.
ഇന്ത്യൻ റെയില്‍വേ രാജ്യത്ത് നിലവില്‍ സർവീസ് നടത്തുന്ന ട്രെയിനുകളുടെ എണ്ണം 12,617 ആണ്. കഴിഞ്ഞ വർഷം ഏപ്രില്‍ ആദ്യം മുതല്‍ ഒക്ടോബർ അവസാനം വരെ 425.41 കോടി പേർ യാത്ര ചെയ്തതായാണ് കണക്കുകളില്‍ പറയുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം ഈ വർഷം ഇതേ കാലയളവില്‍ 443.02 കോടി ആള്‍ക്കാരാണ് യാത്ര ചെയ്തിട്ടുള്ളത്. കഴിഞ്ഞ വർഷം ഏപ്രില്‍ ഒന്നു മുതല്‍ ഒക്ടോബർ 31 വരെ യാത്രാക്കൂലി ഇനത്തില്‍ മാത്രം ലഭിച്ചത് 70,693 കോടി രൂപയായിരുന്നു. ഈ വർഷം ഇതേ കാലയളവിലുള്ള ടിക്കറ്റ് വരുമാനം 94,927 കോടി രൂപയായാണ് ഉയർന്നിട്ടുള്ളത്.
വിവിധ ഉത്സവ സീസണുകള്‍ മുൻകൂട്ടി കണ്ട് കൂടുതല്‍ സ്പെഷല്‍ ട്രെയിനുകള്‍ സർവീസ് നടത്തിയതും കൂടാതെ പ്രതിദിന ട്രെയിനുകളില്‍ ജനറല്‍ കോച്ചുകളുടെ എണ്ണം പരമാവധി കൂട്ടിയതുമാണ് യാത്രക്കാരുടെ എണ്ണം ഗണ്യമായി വർധിക്കാൻ കാരണമായത്.
ട്രെയിൻസ് ഓണ്‍ ഡിമാൻഡ് എന്ന ഗണത്തില്‍ ഉള്‍പ്പെടുത്തിയാണ് സ്പെഷല്‍ ട്രെയിനുകള്‍ രാജ്യത്താകമാനം ഓടിച്ചത്. ഇതില്‍ തന്നെ നല്ലൊരു പങ്കും സ്പെഷല്‍ ഫെയർ സ്പെഷല്‍ ട്രെയിനുകള്‍ ആയിരുന്നു. ഇതിലൂടെ പ്രതീക്ഷിച്ചതിലധികം വരുമാനം നേടാൻ കഴിഞ്ഞതായും മന്ത്രാലയം വ്യക്തമാക്കി.
2025 ജനുവരി മുതല്‍ ഒക്ടോബർ വരെ 35,000 കിലോമീറ്റർ ദൈർഘ്യത്തില്‍ പുതിയ ട്രാക്കുകളും സ്ഥാപിച്ചു. ഇതുവഴി പാസഞ്ചർ ട്രെയിനുകളടക്കം നിരവധി ട്രെയിനുകളുടെ സർവീസ് ദീർഘിപ്പിക്കുകയുമുണ്ടായി. ഇങ്ങനെയും യാത്രക്കാരുടെ എണ്ണത്തില്‍ വർധന ഉണ്ടായിട്ടുണ്ടെന്നും മന്ത്രാലയത്തിന്റെ കണക്കുകളില്‍ പറയുന്നു.
ഇക്കാലയളവില്‍ വിവിധ ഫാക്ടറികളില്‍ നിർമിച്ച കോച്ചുകളുടെ എണ്ണത്തിലും കാര്യമായ വർധനയാണ് ഉണ്ടായിട്ടുള്ളത്. ഇത്തരം കോച്ചുകള്‍ കൂടി ഉപയോഗിച്ചാണ് കൂടുതല്‍ സ്പെഷല്‍ ട്രെയിനുകള്‍ സർവീസ് നടത്താൻ റെയില്‍വേയ്ക്ക് സാധിച്ചത്.




