
കോട്ടയം: മുട്ടയുടെ വിലക്കയറ്റം സാധാരണക്കാരന്റെ പോക്കറ്റ് കാലിയാകുന്നു. ഉടന്‍ വലിയ വിലക്കുറവ് പ്രതീക്ഷിക്കാനാവില്ലെന്നാണു വിപണി വിദഗ്ധരുടെ വിലയിരുത്തല്‍.
ചെറിയ തോതിലുള്ള വില വ്യത്യാസം ഉണ്ടാകമെങ്കിലും അത് പരിമിതമായിരിക്കും.
കേരളത്തില്‍ ഒരു വെള്ളമുട്ടയ്ക്ക് ഇപ്പോള്‍ ശരാശരി 8 രൂപയ്ക്ക് മുകളിലാണു വില. ചില പ്രദേശങ്ങളില്‍ 8.50 രൂപവരെ ഈടാക്കുന്നുണ്ട്.
ക്രിസ്മസ് കാലത്തെ ആവശ്യകത വര്‍ധിച്ചതാണു വില ഉയരാനുള്ള പ്രധാന കാരണമെന്നു വ്യാപാരികള്‍ പറയുന്നുണ്ടെങ്കിലും, വിലക്കയറ്റത്തിനു പിന്നില്‍ മറ്റ് ഘടകങ്ങളും ശക്തമാണെന്നാണു വിലയിരുത്തല്‍. ഡിസംബര്‍, ജനുവരി മാസങ്ങളിലാണ് ഇന്ത്യയില്‍ മുട്ടയുടെ ഉപഭോഗം ഏറ്റവും കൂടുതലാകുന്നത്.
തണുപ്പുകാലത്ത് ശരീരത്തിനു കൂടുതല്‍ ഊര്‍ജവും പ്രോട്ടീനും ആവശ്യമായതിനാല്‍ മുട്ട പോലുള്ള പോഷകാഹാരങ്ങളിലേക്കാണ് ആളുകള്‍ കൂടുതല്‍ തിരിയുന്നത്.
ഇതോടെ ഹോട്ടലുകള്‍, സ്കൂള്‍, കോളജ് ഹോസ്റ്റലുകള്‍, വഴിയോര ഭക്ഷണശാലകള്‍, വീടുകള്‍ എന്നിവിടങ്ങളിലെ ഉപഭോഗം വര്‍ധിക്കുകയും വില ഉയരുകയും ചെയ്യുന്നു. ക്രിസ്മസ് കഴിഞ്ഞാല്‍ വില താഴുമെന്ന പ്രതീക്ഷ പലപ്പോഴും ഉണ്ടെങ്കിലും, സാധാരണയായി ഫെബ്രുവരിയോടെയാണു വിലയില്‍ കുറവ് അനുഭവപ്പെടുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ചില വര്‍ഷങ്ങളില്‍ ഫെബ്രുവരി വരെ വില ഉയര്‍ന്ന നിലയില്‍ തുടര്‍ന്ന അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. മുട്ടവില വര്‍ധിക്കാന്‍ മറ്റൊരു പ്രധാന കാരണം കോഴിത്തീറ്റയുടെ വിലക്കയറ്റമാണ്. ചോളം, സോയാബീന്‍ എന്നിവയാണു തീറ്റയുടെ പ്രധാന ഘടകങ്ങള്‍. കാലാവസ്ഥാ വ്യതിയാനം, കയറ്റുമതി ആവശ്യകത, ഉത്പാദനച്ചെലവ് വര്‍ധിച്ചതു തുടങ്ങിയ കാരണങ്ങളാല്‍ ഇവയുടെ വില ഉയര്‍ന്നതോടെ കോഴിത്തീറ്റയുടെ ചെലവും വര്‍ധിച്ചു.
കോഴിക്കര്ഷകന്റെ മൊത്തച്ചെലവിന്റെ ഏകദേശം 60 ശതമാനവും തീറ്റയ്ക്കാണു ചെലവാകുന്നത്. അതിനാല്‍ വര്‍ധിച്ച ചെലവിന്റെ ഭാരം മുട്ടവിലയിലൂടെ ഉപഭോക്താക്കളിലേക്കു കൈമാറാനാണു കര്‍ഷകരും വിതരണ കമ്ബനികളും ശ്രമിക്കുന്നത്. ഇതോടൊപ്പം ഇന്ധനവില വര്‍ധിച്ചതോടെ ഗതാഗത ചെലവും ഉയര്‍ന്നിട്ടുണ്ട്.
ഈ ഘടകങ്ങളെല്ലാം ചേര്‍ന്നതോടെ ഈ വര്‍ഷം ഫെബ്രുവരിക്കുശേഷവും മുട്ടവിലയില്‍ വലിയ ഇടിവുണ്ടാകാന്‍ സാധ്യത കുറവാണെന്നാണു വിപണി വിലയിരുത്തല്‍.



