
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ തോല്‍വിയുടെ കാരണങ്ങള്‍ വിലയിരുത്തി സിപിഎം സംസ്ഥാന സമിതി. ശബരിമല സ്വര്‍ണ്ണക്കൊള്ള കേസും, എ പത്മകുമാറിനെതിരെ നടപടിയെടുക്കാത്തതും, പിഎം ശ്രീയില്‍ ഒപ്പിട്ടതും തിരിച്ചടിയായെന്നാണ് പാര്‍ട്ടി സംസ്ഥാന സമിതിയുടെ വിലയിരുത്തല്‍.
തോല്‍വിയുടെ പ്രധാന കാരണങ്ങളായി പാര്‍ട്ടി കണ്ടെത്തുന്നത് ഈ മൂന്ന് വിഷയങ്ങളാണ്. ജനങ്ങളെ വിശ്വാസത്തിലെടുക്കാനായില്ലെന്നും പാര്‍ട്ടി വിലയിരുത്തി. യോഗത്തില്‍ പങ്കെടുത്ത ഭൂരിപക്ഷ അംഗങ്ങള്‍ക്കും സമാനമായ അഭിപ്രായമാണ് ഉണ്ടായിരുന്നത്.
എന്നാല്‍ സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്നാണ് പാര്‍ട്ടിയുടെ നിരീക്ഷണം. തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത് ഭരണവിരുദ്ധ വികാരമല്ല. സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ സംഘടനാ തലത്തില്‍ വീഴ്ചയുണ്ടായി. രാഷ്ട്രീയ പ്രചാരണ ജാഥ സംഘടിപ്പിക്കണമെന്ന നിര്‍ദ്ദേശവും യോഗത്തില്‍ ഉയര്‍ന്നുവന്നു.
അയ്യപ്പ സംഗമത്തിന്റെ ഉദ്ദേശശുദ്ധി വളച്ചൊടിക്കപ്പെട്ടു. പിഎം ശ്രീയില്‍ ഒപ്പുവച്ചത് ബിജെപിയുമായി ധാരണ എന്ന പ്രതിപക്ഷ പ്രചാരണത്തിന് കരുത്തായി. പിഎം ശ്രീയില്‍ ഒപ്പുവച്ചത് തെറ്റായി പോയെന്നും പാര്‍ട്ടി സംസ്ഥാന സമിതി വിലയിരുത്തി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ശബരിമല വിവാദത്തിലെ ജനവികാരം തിരിച്ചറിയാനായില്ല. ജയിലിലായിട്ടും പത്മകുമാറിനെതിരെ നടപടിയെടുക്കാത്തത് തിരിച്ചടിയായി. പ്രതികളെ പാര്‍ട്ടി സംരക്ഷിക്കുന്നുവെന്ന തോന്നല്‍ ജനങ്ങള്‍ക്കുണ്ടായി. തിരഞ്ഞെടുപ്പില്‍ ആലസ്യവും വിനയായി. വിജയിക്കുമെന്ന അമിത ആത്മവിശ്വാസം തിരിച്ചടിയായി. ന്യൂനപക്ഷ വോട്ടുകളും കൈവിട്ടെന്ന് സംസ്ഥാന സമിതി വിലയിരുത്തി.
സിപിഎം പ്രക്ഷോഭത്തിന്
കേന്ദ്ര സര്‍ക്കാരിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ സിപിഎം ഒരുങ്ങുന്നു. കേന്ദ്രം സംസ്ഥാന വിരുദ്ധനയങ്ങള്‍ സ്വീകരിക്കുന്നുവെന്ന് ആരോപിച്ചാണ് പ്രക്ഷോഭം സംഘടിപ്പിക്കുന്നത്. 12ന് തിരുവനന്തപുരത്ത് ആദ്യഘട്ട പ്രക്ഷോഭം സംഘടിപ്പിക്കും. മന്ത്രിമാരും, എംഎല്‍എമാരും പങ്കെടുക്കും. നിയമസഭ തിരഞ്ഞെടുപ്പിന് മുമ്ബ് കേരള യാത്ര സംഘടിപ്പിക്കാനും ആലോചനയുണ്ട്.




