
തലയോലപ്പറമ്പ്: പാലാംകടവിലെ ഫാമിൽ തെരുവുനായ്ക്കൾ ഒരു ആടിനെ കടിച്ചുകൊന്നു. മൂന്ന് ആടുകൾക്ക് പരിക്കേറ്റു. ഞായറാഴ്ച പുലർച്ചെ 2.30-നായിരുന്നു സംഭവം.
പാലാംകടവ് വാക്കയിൽ (പ്രശാന്തിയിൽ) അനൂപിന്റെ ആട് ഫാമിലാണ് തെരുവുനായ്ക്കൾ ആക്രമണം നടത്തിയത്. ഫാമിൽ ആട്ടിൻകൂടിന്റെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ 15 ആടുകളെ പുറത്താണ് കെട്ടുന്നത്. ഈ സമയത്ത് കൂട്ടംകൂടിയെത്തിയ തെരുവുനായ്ക്കൾ ആദ്യം ഒരാടിനെ കടിച്ചുകൊന്നു. മൂന്നാടുകൾക്ക് കടിയേറ്റു.
നായ്ക്കളുടെ കുരയും ആടുകളുടെ കരച്ചിലും കേട്ടെത്തിയ അനൂപും ഫാമിലെ രണ്ട് തൊഴിലാളികളും ഓടിയെത്തി ബഹളം വച്ചെങ്കിലും നായ്ക്കൾ പിന്മാറാൻ തയ്യാറായില്ല. ഒടുവിൽ കല്ലുംവടിയും ഉപയോഗിച്ച് നായ്ക്കളെ നേരിട്ടു. ഏറെ നേരത്തിന് ശേഷമാണ് നായ്ക്കൾ പിന്മാറിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ക്ഷീര കർഷകനായ അനൂപിന് ആടുകൾ കൂടാതെ, 15 പശുക്കൾ കൂടിയുണ്ട്. ആടുകളും പശുക്കളുമെല്ലാം സങ്കര ഇനത്തിൽപ്പെട്ടതാണ്. വലിയ നഷ്ടമാണ് നേരിട്ടിരിക്കുന്നതെന്ന് അനൂപ് പറഞ്ഞു.
സംഭവമറിഞ്ഞ് മറവൻതുരുത്ത് പഞ്ചായത്തംഗം പി.പി. പദ്മനന്ദനൻ സ്ഥലത്തെത്തി മൃഗാശുപത്രിയുമായി ബന്ധപ്പെട്ടു. ആശുപത്രിയിൽനിന്ന് ഡോക്ടറെത്തി നായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റ ആടുകൾക്ക് പ്രതിരോധ വാക്സിനേഷൻ നൽകി.
കന്നുകാലികളടക്കമുള്ള വളർത്തുമൃഗങ്ങൾക്ക് കടിയേറ്റ് ഗുരുതരമായ പരിക്കേൽക്കുകയോ, ചത്തുപോകുകയോ ചെയ്താൽ നഷ്ടപരിഹാരം ലഭിക്കും. ദുരന്തനിവാരണഫണ്ടിൽനിന്ന് നഷ്ടപരിഹാരം ലഭിക്കുന്നതിനാവശ്യമായ നടപടിക്രമങ്ങൾ സ്വീകരിക്കുമെന്ന് മറവൻതുരുത്ത് മൃഗാശുപത്രി മെഡിക്കൽ ഓഫീസർ ഡോ. ശരത് കൃഷ്ണൻ പറഞ്ഞു.



