
തിരുവനന്തപുരം: ചിറ്റൂരില്‍ കാണാതായ ആറു വയസുകാരൻ സുഹാൻ വിട പറഞ്ഞു എന്ന വാർത്ത അത്യന്തം വേദനിപ്പിക്കുന്നതാണെന്നും മരണത്തില്‍ കുടുംബത്തിന് നിയമപരമായ സഹായം ഉറപ്പുവരുത്തുമെന്നും പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.
അമ്പാട്ടുപാളയം മുഹമ്മദ് അനസ് – തൗഹീദ ദമ്പതികളുടെ ഇളയമകൻ, ആറു വയസ്സുകാരൻ സുഹാൻ വിട പറഞ്ഞു എന്ന വാർത്ത അത്യന്തം വേദനിപ്പിക്കുന്നതാണ്. യുകെജി വിദ്യാർത്ഥിയായ ആ കുരുന്നിനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി എന്നറിഞ്ഞപ്പോള്‍ വലിയ നടുക്കമാണുണ്ടായത്. ഒരു നാടിനെ മുഴുവൻ സങ്കടത്തിലാക്കിയ ഈ വിയോഗത്തില്‍ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്ന് മന്ത്രി പറഞ്ഞു.
മകനെ നഷ്ടപ്പെട്ട മാതാപിതാക്കളെ ആശ്വസിപ്പിക്കാൻ വാക്കുകളില്ല. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് അടിയന്തരമായി വിശദമായ അന്വേഷണം നടത്താൻ ജില്ലാ കളക്ടർക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ട്. വിഷയവുമായി ബന്ധപ്പെട്ട് പ്രദേശത്തെ ജനപ്രതിനിധികളുമായും സംസാരിച്ചു. കുടുംബത്തിന് നിയമപരമായി വേണ്ട എല്ലാ സഹായങ്ങളും സർക്കാർ ഉറപ്പുവരുത്തുമെന്നും മന്ത്രി വ്യക്തമാക്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സുഹാനെ ശനിയാഴ്ച ഉച്ചയ്ക്ക് 12 മണി മുതലാണ് കാണാതായത്. 21 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ വീട്ടില്‍ നിന്ന് 300 മീറ്റര്‍ ദൂരെയുള്ള കുളത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.



