
ബെംഗളൂരു: ബെംഗളൂരുവിലെ വീട്ടില്‍ 39 കാരിയായ സ്ത്രീയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ചിത്രദുര്‍ഗ ജില്ലയിലെ ഹിരിയൂര്‍ സ്വദേശിനി മമതയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സഹപ്രവര്‍ത്തകനായ സുധാകറിനെ പോലീസ് അറസ്റ്റ് ചെയ്തു.
ബുധനാഴ്ച രാത്രിയാണ് മമ്തയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്തറുത്ത നിലയിലായിരുന്നു മൃതദേഹം. മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് കുമാരസ്വാമി ലേഔട്ട് പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. അന്വേഷണത്തിനൊടുവില്‍, പ്രതിയായ സുധാകറിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
കഴിഞ്ഞ ഒരു വര്‍ഷമായി ജയദേവ ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്തു വരികയായിരുന്നു മമ്ത. അതേ ആശുപത്രിയിൽ പുരുഷ നേഴ്സായി ജോലി ചെയ്യുന്ന ആളാണ് സുധാകർ. ഒരു വര്‍ഷം മുമ്പാണ് ഇരുവരും പരിചയപ്പെടുന്നത്. പിന്നീട് ബന്ധം വളര്‍ന്നു. മംമ്ത അടുത്തിടെ സുധാകറിനെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചിരുന്നുവെന്നും എന്നാല്‍ സുധാകര്‍ മറ്റൊരു സ്ത്രീയുമായി വിവാഹനിശ്ചയം നടത്തിയെന്നും ഇത് ഇരുവരും തമ്മില്‍ ഇടയ്ക്കിടെ തര്‍ക്കങ്ങള്‍ക്ക് കാരണമായെന്നും പോലീസ് പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നഗരത്തിലെ കുമാരസ്വാമി ലേഔട്ടിലെ പ്രഗതിപുര പ്രദേശത്ത് ഒരു സുഹൃത്തിനൊപ്പം താമസിക്കുകയായിരുന്നു മമ്ത. സുഹൃത്ത് സ്വന്തം നാട്ടിലേക്ക് പോയ സമയത്താണ് കൊലപാതകം നടന്നതെന്ന് പോലീസ് പറഞ്ഞു. ബുധനാഴ്ച രാത്രിയിൽ വീട്ടില്‍ വെച്ച് മംമ്തയും സുധാകറും തമ്മിൽ ഒരു തര്‍ക്കം നടക്കുകയും വഴക്കിനിടെ, സുധാകര്‍ കത്തി ഉപയോഗിച്ച് മംതയുടെ കഴുത്ത് അറുക്കുകയുമായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ സ്ത്രീ കൊല്ലപ്പെട്ടു. പ്രതിയെ അറസ്റ്റ് ചെയ്തതായും കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് പറഞ്ഞു.




