play-sharp-fill
കുടമാളൂർ പെട്രോൾ ബോംബ് ആക്രമണം: പ്രധാന പ്രതിയടക്കം രണ്ടു പേർ അറസ്റ്റിൽ; പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചു

കുടമാളൂർ പെട്രോൾ ബോംബ് ആക്രമണം: പ്രധാന പ്രതിയടക്കം രണ്ടു പേർ അറസ്റ്റിൽ; പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചു

സ്വന്തം ലേഖകൻ
കോട്ടയം: കുടമാളൂരിൽ വീടുകൾക്കും സ്വകാര്യ ക്ലബിനു മുന്നിൽ പെട്രോൾ ബോംബ് വച്ച് ഭീഷണി മുഴക്കിയ കേസിൽ രണ്ടു പ്രതികളെ പൊലീസ് പിടികൂടി. ആർപ്പൂക്കര ആർപ്പൂക്കര കോലോട്ടമ്പലം ഉമ്പക്കാട്ട് വീട്ടിൽ രമേശൻ മകൻ ജീമോൻ (ഉണ്ണി -24), ആർപ്പൂക്കര വില്ലൂന്നി പിഷാരത്ത് വീട്ടിൽ തുളസീധരൻ മകൻ സൂര്യൻ (സൂര്യദത്തൻ – 19) എന്നിവരെയാണ് വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ സി.ഐ എം.ജെ അരുൺ അറസ്റ്റ് ചെയ്തത്. കോട്ടയം ജുഡീഷ്യൽ ഒന്നാം ക്ല്ാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ രണ്ടു പ്രതികളെയും ജാമ്യത്തിൽ വിട്ടയച്ചു. രണ്ടു പ്രതികളും നിരവധി കഞ്ചാവ് കേസിലും അടിപിടിക്കേസുകളിലും ഉൾപ്പെട്ടവരാണെന്ന് പൊലീസ് പറഞ്ഞു. ജീമോൻ കഞ്ചാവ് വിൽപ്പനക്കേസിലും, സൂര്യൻ യുവാവിനെ വീ്ട്ടിൽ കയറി ആക്രമിച്ച് മാരകമായി പരിക്കേൽപ്പിച്ച കേസിലും പ്രതിയാണ്. ആർപ്പൂക്കര കേന്ദ്രീകരിച്ചുള്ള ഗുണ്ടാ സംഘാംഗമാണ് രണ്ടു പ്രതികളും.
ജൂൺ രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. ബിയർ കുപ്പിയിൽ പെട്രോൾ നിറച്ച് ആറ് വീടുകളിലും, രണ്ട് സ്ഥാപനങ്ങളിലും ഗുണ്ടാ സംഘം ബോംബ് വച്ച് സംഘം ഭീഷണി മുഴക്കുകയായിരുന്നു. ബിയർ കുപ്പിയിൽ പെട്രോൾ നിറച്ച്, തിരിയിട്ട ശേഷം സ്ഥാപനങ്ങൾക്കും കടകൾക്കും മുന്നിൽ വയ്ക്കുകയായിരുന്നു.  കുടമാളൂർ കേന്ദ്രീകരിച്ചുള്ള യുവാക്കളുടെ നേതൃത്വത്തിൽ നേരത്തെ കഞ്ചാവ് മാഫിയ സംഘത്തിനെതിരെ പ്രചാരണം സംഘടിപ്പിച്ചിരുന്നു. ജീമോന്റെ നേതൃത്വത്തിലുള്ള കഞ്ചാവ് മാഫിയ സംഘം സ്‌കൂൾ വിദ്യാർത്ഥികളെ അടക്കം കെണിയിലാക്കുന്നതിനെതിരെ പ്രദേശവാസികളായ യുവാക്കൾ ജനകീയ കൂട്ടായ്മകൾ അടക്കം സംഘടിപ്പിച്ചിരുന്നു. ഇതിനെ തുടർന്നുണ്ടായ വൈരാഗ്യത്തെ തുടർന്നാണ് പ്രതികൾ പെട്രോൾ നിറച്ച കുപ്പികൾ കടകൾക്കും വീടുകൾക്കും മുന്നിൽ വച്ച് ഭീഷണി മുഴക്കിയിരിക്കുന്നത്.